പസഫിക് മേഖലയിൽ ഇനി ഇരട്ടി കരുത്ത്, ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിഘാത് കമ്മിഷൻ ചെയ്തു
ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളിയുള്ള പസഫിക് സമുദ്ര മേഖലയിൽ ഇന്ത്യൻ നേവിയുടെ പ്രഹര ശേഷി കൂട്ടി, രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐ.എൻ.എസ് അരിഘാത്. ആന്ധ്രയിലെ വിശാഖപട്ടണത്ത് ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഐ.എൻ.എസ് അരിഘാത് (ശത്രുവിന്റെ ഘാതകൻ) കമ്മിഷൻ ചെയ്തു. ഇന്ത്യയുടെ ആദ്യ ആണവായുധ അന്തർവാഹിനി ഐ. എൻ. എസ് അരിഹന്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ 2017-ൽ നിർമ്മാണം പൂർത്തിയായതു മുതൽ പരീക്ഷണങ്ങളിലായിരുന്നു ഐ.എൻ.എസ് അരിഘാത്.എസ്. എസ്.ബി. എൻ ( ഷിപ്പ്, സബ്മേഴ്സിബിൾ,ബാലിസ്റ്റിക്, ന്യൂക്ലിയർ) അഥവാ എസ് – 3 എന്ന് ചുരുക്കപ്പേര്. പസിഫിക് സമുദ്രത്തിനടിയിൽ ദീർഘകാലം പട്രോളിംഗ് നടത്തും.ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന്റെ നിയന്ത്രണത്തിലായിരിക്കും അന്തർവാഹിനി. ആണവ റിയാക്ടറിൽ പ്രവർത്തിക്കുകയും ആണവ മിസൈലുകൾ വഹിക്കുകയും ചെയ്യുന്ന അന്തർവാഹിനി ആയതിനാൽ ചടങ്ങിന് രഹസ്യ സ്വഭാവമായിരുന്നു. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് രാജ്നാഥ് സിംഗ് എത്തിയത്.
ഐ.എൻ.എസ് അരിഘാത്
6,000 ടൺ ഭാരം, 112മീറ്റർ നീളം
നാല് മിസൈൽ ലോഞ്ച് ട്യൂബുകൾ
12 കെ -15 ആണവ ബാലിസ്റ്റിക് മിസൈലുകൾ
750 കിലോമീറ്റർ പ്രഹരപരിധി
ശത്രു കപ്പലുകൾ തകർക്കാൻ ടോർപ്പിഡോകളും
ആണവ റിയാക്ടറും ആണവ മിസൈലുകളും തദ്ദേശീയം
ഉപരിതലത്തിൽ വേഗത 22-28 കി.മീ
വെള്ളത്തിനടിയിൽ 44 കി.മീ
രണ്ടെണ്ണം കൂടി
ഐ.എൻ.എസ് അരിദമൻ അടുത്ത വർഷം.
7000 ടൺ ഭാരം
3000 കിലോമീറ്റർ പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ.
നാലാം എസ്.എസ്.ബി.എൻ നിർമ്മാണത്തിൽ
പ്രഷർ വാട്ടർ റിയാക്ടർ
ആണവ റിയാക്ടറിനെ തണുപ്പിക്കാൻ ഉന്നത മർദ്ദത്തിൽ പമ്പ് ചെയ്യുന്ന വെള്ളം നീരാവിയായി ടർബൈൻ കറക്കിയാണ് സഞ്ചാരം. ആണവോർജ്ജം ആയതിനാൽ ദീർഘകാലം സമുദ്രത്തിനടിയിൽ കഴിയാം
അവശ്യ സാധനങ്ങൾക്കും ക്രൂ ചെയിഞ്ചിനും മാത്രം മുകളിൽ വന്നാൽ മതി.
ആണവ ത്രയം
കരയിലും ആകാശത്തും ആണവ മിസൈൽ ശേഷിയുള്ള ഇന്ത്യക്ക് അരിഹന്തും അരിഘാതും കടലിലും അതേ കരുത്തേകും.