സുനിത വില്യംസ് 2025ല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങും
ന്യൂയോര്‍ക്ക് : ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ കൂടാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. പ്രമുഖ വ്യവസായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂളില്‍ രണ്ട് ബഹിരാകാശയാത്രികരും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്നും നാസ അറിയിച്ചു.
ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ സ്റ്റാര്‍ലൈനറിന്റെ പ്രകടനത്തെക്കുറിച്ച് നാസയും ബോയിങ്ങും സമഗ്രമായ വിശകലനം നടത്തും. ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള വില്‍മോറും വില്യംസും തിരിച്ചെത്തുന്നത് വരെ ഗവേഷണം, അറ്റകുറ്റപ്പണികള്‍, സിസ്റ്റം ടെസ്റ്റിങ് എന്നിവ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്റ്റേഷനില്‍ തുടരും. ‘ഏറ്റവും സുരക്ഷിതമായ സമയത്ത് പോലും ബഹിരാകാശ യാത്ര അപകടകരമാണെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ആശങ്ക രേഖപ്പെടുത്തി.
ബുച്ചിനെയും സുനിതയെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തന്നെ നിര്‍ത്താനും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ജീവനക്കാരില്ലാതെ ഭൂമിയില്‍ എത്തിക്കാനും തീരുമാനിച്ചത് സുരക്ഷയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ലൈനര്‍ സെപ്റ്റംബറില്‍ ഭൂമിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹീലിയം ചോര്‍ച്ചയും ബഹിരാകാശ പേടകത്തിന്റെ റിയാക്ഷന് കണ്ട്രോള് ത്രസ്റ്ററുകളിലെ പ്രശ്നങ്ങളും തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം.