കേരളം

ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം; പ്രതികരണം പാടില്ല അമ്മ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം. പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ അനൗദ്യോഗിക നിർദേശം. സിനിമയിലെ ലിംഗവിവേചനവും ലൈംഗിക ചൂഷണവും ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സർക്കാർ രേഖയായി മാറിയതിന്‍റെ ആഘാതത്തിലാണ് താര രാജാക്കന്‍മാർ അടക്കമുള്ളവർ.

നാല്‍പതിനായിരത്തോളം പേർ തൊഴിലെടുക്കുന്ന മലയാള സിനിമയില്‍ താരപരിവേഷമുള്ളത് 250ല്‍ താഴെ പേർക്കാണ്. ഇക്കൂട്ടത്തിലാണ് ഹേമ കമ്മിറ്റി വിശേഷിപ്പിക്കുന്ന പതിനഞ്ചംഗ പവർ സംഘം വരുന്നത്. സൂപ്പർ താരങ്ങളടക്കമുള്ള ഇവർ ഒരു കുറ്റവാളി സംഘമാണെന്ന് ഹേമ കമ്മിറ്റി രേഖാ മൂലം സ്ഥാപിക്കുകയാണ്. ഒരു തൊഴിലിടം എന്ന അർത്ഥത്തില്‍ ചലച്ചിത്ര മേഖക്കുള്ള മാന്യതയെ ഇത് സാരമായി കളങ്കപ്പെടുത്തുന്നു.

സാംസ്കാരികമായി പ്രാധാന്യവും അഭിപ്രായ രൂപീകരണത്തില്‍ നിർണായകവുമായ സിനിമാ മേഖലയില്‍ കടുത്ത അന്യായം നടക്കുന്നുവെന്നത് കേവലമൊരു റിപ്പോർട്ടായി അവസാനിക്കില്ല . ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്ന അമ്മയും ഫെഫ്കയും അടക്കമുള്ള സംഘടനകള്‍ ഹേമ കമ്മിറ്റിയുടെ കുറ്റവാളി പട്ടികയിലാണ്. റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സംഘടനാ നേതാക്കളില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നതും അതുകൊണ്ടാണ്.

പ്രതിച്ഛായയുടെ കൂടി ബലത്തില്‍ നില്‍ക്കുന്ന താരങ്ങള്‍ കുറ്റവാളി ഗണത്തിലേക്ക് പോകുന്നത് കോടികള്‍ മറിയുന്ന ഒരു വ്യവസായത്തിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. പ്രതികരണങ്ങളില്‍ വലിയ മിതത്വം പാലിച്ച താരസംഘടനയായ അമ്മ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് അംഗങ്ങളോട് നിർദേശിച്ചെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയില്‍ എന്ത് പ്രതിഫലനമുണ്ടാക്കുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ സവിശേഷ ഇടമുള്ള മലയാള ചലിച്ചിത്ര മേഖല ഒരു മോശം തൊഴിലിടമാണെന്ന കണ്ടെത്തല്‍ ദേശീയ തലത്തില്‍ പോലും ഒരു ചൂടുള്ള ചർച്ചാ വിഷയമാണിപ്പോള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button