ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതികേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ജാമ്യം നൽകിയില്ല. ഹർജിയിൽ ആഗസ്ത് 23ന് വീണ്ടും വാദം കേൾക്കും. കേസിൽ കോടതി സി.ബി.ഐക്ക് നോട്ടീസയച്ചു.
എ.എ.പി നേതാവ് മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് ദിവസങ്ങൾക്കുള്ളിലാണ് കെജ്‌രിവാൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹർജി ആഗസ്ത് അഞ്ചിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.