സ്പോർട്സ്

പാരീസിൽ നീരജ് ചോപ്രക്ക് വെള്ളി, ഒളിമ്പിക്സിൽ‍ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി നീരജ്

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്. ഒളിമ്പിക്‌സ് റെക്കോർഡ് തകർത്ത പ്രകടനം നടത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനാണ് സ്വർണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഒളിമ്പിക്സിൽ‍ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് നീരജ്. പി.വി.സിന്ധു (ബാഡ്മിന്റൻ), സുശീൽ കുമാർ (റെസ്‌ലിങ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.

മെഡൽ നേട്ടത്തോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി. ആദ്യ ശ്രമം ഫൗളായ പാക് താരം അർഷാദ് നദീം രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോർഡ് സ്വന്തമാക്കി. 2008ൽ ബെയ്ജിങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോർഡാണ് മറികടന്നത്. ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. .നീരജ് ചോപ്രയുടെ മറ്റു ശ്രമങ്ങളെല്ലാം ഫൗളായിരുന്നു. മൂന്നാം ചാൻസിൽ അർഷദ് നദീം 88.72 മീറ്റർ പിന്നിട്ടു. അവസാന ശ്രമത്തിൽ പാക്കിസ്ഥാൻ താരം 91.79 മീറ്റർ എറിഞ്ഞു. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്സന്‍ പീറ്റേഴ്സിനാണു വെങ്കല മെഡൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button