വയനാട് ഉരുൾപൊട്ടൽ : 7മണിയോടെ ദൗത്യം പുനരാരംഭിക്കും, ചാലിയാറിന്റെ രണ്ടുഭാഗങ്ങളിലും തെരച്ചിൽ
കല്‍പ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിൽ രാവിലെ 7 മണിയോടെ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നദിയുടെ രണ്ടുകരകളിലുമായാകും തെരച്ചിൽ നടക്കുക.
നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും ഇന്നലെ കണ്ടെടുത്തത്. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ല. ചാലിയാറിൽ നിന്ന് ഇന്നലെ മാത്രം കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം. ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും എണ്ണം 205 ആയി. പുഴയോരത്ത് വിവിധയിടങ്ങളിലെ തിരച്ചിലിൽ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. ഇന്നലെ ലഭിച്ച 3 മൃതദേഹങ്ങളും 18 വയസ്സിൽ താഴെയുള്ളവരുടേതാണ്– 12, 15, 16 വയസ്സ് തോന്നിക്കുന്നവ. പുറമേ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചു. 3 ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
ഔദ്യോഗിക കണക്കു പ്രകാരം 37 പുരുഷൻമാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണു ചാലിയാറിൽനിന്ന് ഇതുവരെ ലഭിച്ചത്. 12 വയസ്സിൽ താഴെയുള്ളവ മാത്രമാണു കുട്ടികൾ എന്ന കണക്കിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടുത്തുന്നത്. തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി തെരച്ചിലിൽ ലഭിച്ചിരുന്നു. ഇന്നും നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും.
അതിനിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 353 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക.