ചാലിയാർ പുഴയുടെ ഇരുകരകളിലും പുഞ്ചിരി മട്ടത്തും ഇന്ന് തീവ്ര പരിശോധന
കൽപ്പറ്റ : ഉരുൾപ്പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു.പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തിരച്ചിൽ നടത്തുക. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായും തെരച്ചിൽ നടത്തും.ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും.
കോസ്റ്റ് ഗാർഡ്,ഫോറസ്റ്റ്, നേവി ടീമും ഇവിടെ തിരച്ചിൽ നടത്തും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ ആറു സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ ഇന്നുമുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തിരച്ചിൽ നടത്തും.
ഉരുൾപൊട്ടലിന്റെ ഭീകരത എന്താണെന്നറിയണമെങ്കിൽ പുഞ്ചിരിമട്ടമെന്ന ഗ്രാമത്തിലെത്തണം. രണ്ടു ദിവസത്തിനു ശേഷമാണ് രക്ഷാ പ്രവർത്തക സംഘത്തിന് ഈ ഗ്രമത്തിൽ എത്താനായത്. ഉരുൾപൊട്ടലിനുശേഷം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. ആദ്യ ഉരുൾപൊട്ടലിനുശേഷം കുറച്ച് ആളുകളെ ഇവിടെ നിന്നു മാറ്റാൻ കഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിൽ രാവിലെ നാലിനു വീണ്ടും ഉരുൾപൊട്ടി. ഇതിനുശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഈ പ്രദേശത്ത് ഒരു വീടുപോലുമില്ലാതെ തകർന്ന് തരിപ്പണമായി. ജനവാസ കേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്ത് ഇപ്പോൾ വെറും കല്ലും മണ്ണും മാത്രം.