കേരളം

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. ക്യാംപിനകത്തേക്ക് ക്യാമറയുമായി മാധ്യങ്ങള്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാംപിന് പുറത്തുവച്ച് മാധ്യമങ്ങള്‍ക്ക്് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി . പ്രദേശം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം വരെയെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയും സൈന്യത്തോടും രക്ഷാപ്രവർത്തകരോടും സംസാരിക്കുകയും ചെയ്തു. ബെയ്‌ലി പാലത്തിന്റെ നിർമാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ, എഡിജിപി അജിത്കുമാർ, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മരണം 274 ആയി ഉയര്‍ന്നു. 5000 ത്തിലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. 200 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 100 പേരെയാണ് തിരിച്ചറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button