ഇന്ന് ഉച്ചയോടെ മുണ്ടക്കൈ തൊടും ,കനത്ത മഴയെ അതിജീവിച്ച് സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണത്തിൽ
മേപ്പാടി: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെത്താൻ കരസേന ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.ഇന്നലെ രാത്രിയും കനത്ത മഴയെ അതിജീവിച്ച് സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണം നടത്തി. അർധരാത്രിയോടെ പകുതിയോളം പാലം പൂർത്തീകരിച്ചിട്ടുണ്ട്.
കനത്തമഴയും മലവെള്ളപാച്ചിലും മുണ്ടക്കൈ മേഖലയിലെ മണ്ണിന്റെ ഉറപ്പില്ലായ്മയും നിർമാണം നടക്കുന്ന ഇടത്തെ സ്ഥലപരിമിതിയും ഒക്കെ സൈന്യത്തിന് തിരിച്ചടി ആകുന്നുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് പാലനിർമാണം പുരോഗമിക്കുന്നത്.24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. നീളം കൂടുതലായതിനാൽ പുഴയ്ക്ക് മദ്ധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മാണം.ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ ഇന്നലെ വൈകിട്ട് 15 ട്രക്കുകളിലായി എത്തിച്ചു. ബംഗളൂരുവിൽ നിന്ന് കരമാർഗവും സാമഗ്രികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.