കേരളം

ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം തുടങ്ങി; താൽക്കാലിക പാലം നിർമിച്ചു

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വയനാട് : ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനിടെ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.

സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.

പുഴക്ക് കുറുകെ ആർമിയും ഫയർഫോഴ്സും ചേർന്ന് താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇനി വേഗത്തിലാകും . ഇതുവരെ വടം കെട്ടിയാണ് ആളുകളെ രക്ഷിച്ചിരുന്നത്.

ഹെലികോപ്ടർ എത്തി; എയർലിഫ്റ്റ് തുടങ്ങി

ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടർ ചൂരൽമല പ്രദേശത്ത് എത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രികളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button