കേരളം

നിപ പ്രതിരോധം: ഐ.സി.എം.ആർ സംഘം കോഴിക്കോട്ട്, സമ്പർക്കപ്പട്ടികയിൽ 330 പേരെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 14കാരൻ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട്ട് എത്തി. രാത്രി 10 മണിയോടെയാണ് സംഘം എത്തിയത് . നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാടങ്ങുന്ന സംഘമാണിത്.

നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി ) ഇന്ന് രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനൈയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

നിപ സംശയത്തെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.

പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വാര്‍ത്താ കുറിപ്പിലറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button