കേരളം

രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു; എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും

മാലിന്യം നീക്കാന്‍ കൂടുതല്‍ റോബോട്ടുകള്‍

തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസം പുനഃരാംരഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 30 അംഗ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരച്ചിലിനായി റോബട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചിൽ നടത്താൻ കഴിയൂ എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു

ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് ആണ് നേതൃത്വം നല്‍കുന്നത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം രാത്രി അവസാനിപ്പിച്ചത്.

പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ടു ടണ്‍കണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടരുകയാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളുകള്‍ തുറന്നു പരിശോധിച്ചു. സ്റ്റാര്‍ട്ടപ് സംരംഭമായ ജെന്റോബട്ടിക്‌സ് ജല അതോറിറ്റിക്കു നിര്‍മിച്ചു നല്‍കിയ ‘ബാന്‍ഡികൂട്ട്’ റോബട് ഉപയോഗിച്ച് രാത്രി 12 വരെ മാലിന്യം നീക്കി.

മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാറെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയായി 3 ദിവസം മുന്‍പാണ് ജോയി എത്തിയത്. 2 അതിഥിത്തൊഴിലാളികള്‍ക്കൊപ്പമാണു ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കില്‍പെട്ട ജോയിക്കു കരയില്‍ നിന്ന അതിഥിത്തൊഴിലാളികള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെയായിരുന്നു ജോലി. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടില്‍ പരേതനായ നേശമണിയുടെയും മെല്‍ഹിയുടെയും മകനാണു ജോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button