കേരളം

രക്തസമ്മർദ്ദം കൂടി, മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ ഇസ്രായേലിൽ ആശുപത്രിയിൽ

അതിനിടെ കേസിലെ  അന്വേഷണസംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മർദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നുമാണ് വിവരം.ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. അനിൽകുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

കൊലപാതകത്തിൽ കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാറിൽ മൃതദേഹം എത്തിച്ച വലിയ പെരുമ്പുഴ പാലത്തിന് സമീപവും അനിൽകുമാറിന്‍റെ വീട്ടിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. ജിനു, സോമൻ, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിനിടെ കേസിലെ  അന്വേഷണസംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കും. അന്വേഷണത്തിന്റെ നേതൃത്വം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ വഹിക്കും. 2008ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലീസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button