സ്പോർട്സ്

ഇഞ്ചുറി ഒഴിവാക്കി ബെല്ലിങ്ങ്ഹാം , എക്സ്ട്രാടൈമിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

മ്യൂണിച്ച് : തോൽവിയുടെ വക്കിൽനിന്ന് വീരോചിതം തിരിച്ചെത്തി ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ. അത്യന്തം ആവേശകരമായ പ്രീക്വാർട്ടറിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അവസാന എട്ടിലേക്ക് മാർച്ച് ചെയ്തത്. സ്ലൊവാക്യ വിജയമുറപ്പിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം രക്ഷകനാകുകയായിരുന്നു. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ഹാരി കെയിനിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി നിലവിലെ റണ്ണേഴ്‌സപ്പായ ത്രീലയൺസ് ക്വാർട്ടർ പ്രവേശനമുറപ്പിച്ചു. ഇവാൻ ഷ്രാൻസ് ആദ്യ പകുതിയിൽ സ്ലൊവാക്യക്കായി ഗോൾ നേടി.

സ്റ്റാർട്ടിങ് വിസിൽ മുതൽ ഇരുടീമുകളും ആക്രമിച്ചുകളിക്കുകയായിരുന്നു. മികച്ച നീക്കങ്ങളുമായി ഇംഗ്ലണ്ട് കളിയിൽ മേധാവിത്വം പുലർത്തിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ സ്ലൊവാക്യ പലപ്പോഴും എതിർ ബോക്‌സിൽ അപകടം വിതച്ചു. 25ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലൊവാക്യൻ താരം പന്ത് വലയിലാക്കി. ഇവാൻ ഷ്രാൻസാണ് ലക്ഷ്യംകണ്ടത്. പ്രതിരോധ താരം ഡെന്നീസ് വാവ്‌റോ ഇംഗ്ലീഷ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് മുന്നേറിയ സ്‌ട്രൈക്കർ ഡേവിഡ് സ്‌ട്രെലക്ക് ബോക്‌സിനുള്ളിൽ നിന്ന് പ്രതിരോധത്തെ കീറിമുറിച്ച് സുന്ദരമായൊരു ത്രൂബോൾ നൽകി. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഷ്രാൻസ് കൃത്യമായി വലയിലാക്കി. യൂറോയിലെ മൂന്നാം ഗോൾനേടിയ താരം ടോപ് സ്‌കോറർമാരുടെ പട്ടികയിലും ഒന്നാമതെത്തി.

ഗോൾവീണതോടെ അക്രമണത്തിന് ഇംഗ്ലീഷ് നിര മൂർച്ചകൂട്ടിയെങ്കിലും ആദ്യ പകുതി ഒരു ഗോൾ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫിൽ ഫോഡനിലൂടെ ഇംഗ്ലണ്ട് സ്ലൊവാക്യൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ചു. രണ്ടാം പകുതിയിലുടനീളം പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ഇംഗ്ലണ്ടായിരുന്നു മുന്നിൽ. അവസാന പത്ത് മിനിറ്റിൽ ഇംഗ്ലണ്ട് ജീവൻമരണപോരാട്ടമാണ് നടത്തിയത്. ഡക്ലാൻ റൈസിന്റെ അത്യുഗ്രൻ ഷോട്ട് പോസ്റ്റിലടിച്ച് പുറത്ത് പോയി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്ലൊവാക്യ ഇംഗ്ലണ്ട് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. എന്നാൽ അന്തിമ വിസിലിന് തൊട്ടുമുൻപ് പ്രതിരോധം ഭേദിച്ച് ഇംഗ്ലണ്ട് ജൂഡ് ബെല്ലിങ്ഹാമിലൂടെ(90+5) സമനില പിടിച്ചു.

കെയിൽ വാക്കറുടെ ലോങ് ത്രോ ഗ്യൂച്ചി ബോക്‌സിലേക്ക് മറിച്ചുനൽകി. മാർക്ക് നൽകിതെ നിന്നിരുന്ന ബെല്ലിങ്ഹാം ബൈസിക്കിൾ കിക്കിലൂടെ ജീവൻ തിരിച്ചുനൽകി(1-1). എക്‌സ്ട്രാ സമയത്തും ഇംഗ്ലണ്ട് പന്തിൽ ആധിപത്യം പുലർത്തി. 91ാം മിനിറ്റിൽ നായകൻ ഹാരി കെയിനിലൂടെ ഇംഗ്ലണ്ട് വിജയ ഗോൾ നേടി. പാൽമർ എടുത്ത ഫ്രീകിക്ക് സ്ലൊവാക്യൻ ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും ഇവാൻ ടോണി ബോക്‌സിലേക്ക് നൽകിയ പന്ത് ഹെഡ്ഡ് ചെയ്ത് കെയിൻ യൂറോയിലെ രണ്ടാം ഗോൾ നേടി. അവസാന നിമിഷങ്ങളിൽ സമനിലപിടിക്കാനായി സ്ലൊവാക്യ എതിർ ബോക്‌സിലേക്ക് നിരന്തരം അക്രമിച്ചെത്തിയെങ്കിലും പിക്‌ഫോർഡിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button