സ്പോർട്സ്

യൂറോ ചാമ്പ്യൻമാർ അവസാന എട്ടിലില്ല !; ഇറ്റലിക്ക് പുറത്തേക്കുള്ള വഴികാട്ടി സ്വിറ്റ്സർലൻഡ്

ബർലിൻ: ചാമ്പ്യന്മാരുടെ കളി മറന്ന ഇറ്റാലിയൻ ടീമിനെ പ്രീ ക്വാർട്ടറിൽ പാഠം പഠിപ്പിച്ച് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ വാർഗാസ് (46) എന്നിവരാണു സ്വിറ്റ്സർലൻഡിന്റെ സ്കോറർമാർ. തുടർച്ചയായ രണ്ടാം യൂറോ ക്വാർട്ടറിനാണു സ്വിസ് യോഗ്യത നേടുന്നത്. ഇംഗ്ലണ്ട്–സ്‌ലൊവേനിയ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.

സ്വിറ്റ്സർലൻഡിനായി മത്സരത്തിലുടനീളം കളി മെനഞ്ഞതും നയിച്ചതും ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബയേർ ലെവർക്യൂസൻ താരമായ ക്യാപ്റ്റൻ ഗ്രാനിറ്റ് ജാക്കയാണ്. ജാക്ക തുടങ്ങിവച്ച നീക്കങ്ങളിലൂടെയാണു സ്വിറ്റ്സർലൻഡ് കളി പൂർണമായും തങ്ങളുടേതാക്കിയത്. ഇരു പാതിയിലും പന്തു നിയന്ത്രിക്കാനും ഫലപ്രദമായ പാസ് നൽകാനും ഇറ്റലി പാടുപെട്ടു. മറുവശത്ത് ക്ഷമയോടെ കളിച്ച സ്വിറ്റ്സർലൻഡ് ആകെ 4 ഗോൾ ഷോട്ടുകളിൽ നിന്നു 2 ഗോളുകൾ നേടി. ഇറ്റലിക്ക് ഒരു ഗോൾഷോട്ട് മാത്രമാണുള്ളത്. സ്വിസ് ഗോളി യാൻ സോമറിനെ ഒരുഘട്ടത്തിൽ പോലും പരീക്ഷിക്കാൻ ഇറ്റലിക്കായില്ല. ആദ്യ പകുതിയിൽ റെമോ ഫ്രുലറിന്റെയും ബ്രീൽ എംബോളയുടെയും ഷോട്ടുകൾ ഇറ്റലിയുടെ ക്യാപ്റ്റനായ ഗോളി ജിയാൻല്യൂജി ഡോണാരുമ തടഞ്ഞു.

ഗ്രൂപ്പ് ഘട്ടം മുതൽ തപ്പിതടഞ്ഞ ഇറ്റലിക്ക് പ്രീക്വാർട്ടറിലും മികച്ച കളി പുറത്തെടുക്കാനായില്ല. സ്‌പെയിനും ക്രൊയേഷ്യയും ഉൾപ്പെട്ട മരണഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിലെത്തിയത്. സ്‌പെയിനോട് തോറ്റ ഇറ്റലി, ക്രൊയേഷ്യയെ ഇഞ്ചുറി സമയത്തെ അവസാന നിമിഷം നേടിയ ഗോളിൽ ജീവൻ നിലനിർത്തുകയായിരുന്നു.പ്രീക്വാർട്ടറിൽ ഇറ്റലിക്കൊപ്പം പന്തടക്കത്തിലും മുന്നേറ്റത്തിലും ഒപ്പംപിടിച്ച ചെമ്പട നിർണായക അവസരങ്ങളിൽ ഗോൾ നേടി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. 16 തവണയാണ് സ്വിസ് പട ഇറ്റലി പോസ്റ്റിലേക്ക് നിറയൊഴിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button