സ്പോർട്സ്

മഴ ഭീഷണിക്കിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ, മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടുമുതലാണ് മത്സരം.

കഴിഞ്ഞ ദിവസം നട‌ന്ന ആദ്യ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. ഇടയ്‌ക്ക് മഴ തടസപ്പെടുത്തിയെങ്കിലും രണ്ടാം സെമിയിൽ ഇംഗ്ളണ്ടിനെ 68 റൺസിന് തോൽപ്പിച്ച് രോഹിത് ശർമ്മയുടെ ഇന്ത്യയും ഫൈനലിലേക്ക് ചുവടുവച്ചു. ഈ ലോകകപ്പിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്ത ഇരുടീമുകളും ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ചാമ്പ്യൻഷിപ്പിന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 2014ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. ഏത് ഫോർമാറ്റിലും ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

മഴ ഭീഷണി: സെമി ഫൈനലിനെന്നപോലെ ഫൈനലിനും മഴ ഭീഷണിയുണ്ട്. മഴ കളി തടസപ്പെടുത്തിയാൽ റിസവർവ് ഡേയിൽ പുനരാരംഭിക്കും. റിസർവ് ഡേയിലും കളി നടന്നില്ലെങ്കിൽ സംയുക്തജേതാക്കളായി പ്രഖ്യാപിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button