സ്പോർട്സ്

ടി20 ലോകകപ്പ് : ഓസീസിനെ 24 റൺസിന്‌ വീഴ്ത്തി ഇന്ത്യ സെമിയിൽ

ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും

സെന്റ് ലൂസിയ : ക്യാപ്റ്റൻ രോഹിത് ശർമയുടേയും പേസര്‍ അർഷദീപ് സിങ്ങിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 24 റൺസിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. ഇന്ത്യ ഉയർത്തിയ 205 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസിന് 181 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡ് ഒരു ഘട്ടത്തിൽ കങ്കാരുക്കളെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും ഹെഡ്ഡിന്റെ പോരാട്ടം വിഫലമായി. ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.

43 പന്തിൽ 76 റൺസെടുത്ത ഹെഡ്ഡും 28 പന്തിൽ 37 റൺസെടുത്ത മിച്ചൽ മാർഷും മാത്രമാണ് ഓസീസിനായി പൊരുതി നോക്കിയത്. മൂന്ന് വിക്കറ്റ് നേടിയ അർഷദീപ് സിങ്ങും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്‌. ഓസീസിന് ഇനി നേരിയ സെമി സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോൽപിച്ചാൽ, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം. അഫ്ഗാൻ ജയിക്കുകയോ, കളി മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ ഓസ്ട്രേലിയ പുറത്താകും. ബംഗ്ലദേശ് കൂറ്റന്‍ മാര്‍ജിനിൽ ജയിച്ചാൽ അവർക്കും സെമി സാധ്യതയുണ്ടെന്നതാണു സത്യം.

ക്യാപ്റ്റൻ ഇന്നിങ്‌സുമായി കളംനിറഞ്ഞ രോഹിതിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. രോഹിത് ശർമ 41 പന്തിൽ എട്ട് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയിൽ 92 റൺസ് എടുത്തു. സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ മിച്ചൽ സ്റ്റാർക്കാണ് രോഹിതിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരം. സംപൂജ്യനായി കോഹ്ലിയെ ടിം ഡേവിഡിന്റെ കയ്യിലെത്തിച്ച് ഹേസൽവുഡാണ് ഓസീസിന് ആദ്യ ബ്രേക് ത്രൂ നൽകിയത്. എന്നാൽ അവിടന്നങ്ങോട്ട് രോഹിത് ശർമയുടെ നിറഞ്ഞാട്ടമായിരുന്നു. മിച്ചൽ സ്റ്റാർക്കെറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്‌സും ഒരു ഫോറും പറത്തി ഹിറ്റ്മാൻ വെടിക്കെട്ടാരംഭിച്ചു. ഒരറ്റത്ത് ഋഷബ് പന്തിനെ കാഴ്ച്ചക്കാരനാക്കിയായിരുന്നു രോഹിത് ഷോ. വെറും 19 പന്തിലാണ് ഇന്ത്യന്‍ നായകന്‍ അർധ ശതകം കുറിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണിത്. രണ്ടാം ഓവറിൽ രോഹിതും പന്തും ചേർന്ന് 87 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

15 പന്തുമായി ഋഷബ് പന്ത് പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും ടോപ് ഗിയറിലായിരുന്നു. മൂന്നാം വിക്കറ്റിൽ സൂര്യയും രോഹിതും ചേർന്ന് സ്‌കോർബോർഡിൽ 34 റൺസ് ചേർത്തു. ഒടുവിൽ 12ാം ഓവറിൽ സ്റ്റാർക്കിന്റെ യോർക്കറിൽ ഹിറ്റ്മാന്റെ കുറ്റി തെറിച്ചു. പിന്നീട് ക്രീസിലെത്തിയവരൊക്കെ സ്‌കോർബോർഡിലേക്ക് മികച്ച സംഭാവനകൾ നൽകിയാണ് മടങ്ങിയത്. സൂര്യ 16 പന്തിൽ 31 റൺസെടുത്തപ്പോൾ ശിവം ദൂബേ 22 പന്തിൽ 27 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദികും ജഡേജയും ചേർന്ന് ഇന്ത്യൻ സ്‌കോർ 200 കടത്തി. ഹര്‍ദിക് 27 റണ്‍സുമായി പുറത്താവാതെ നിന്നു. ഓസീസിനായി സ്റ്റാർക്ക് 45 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button