സ്വിറ്റ്‌സർലൻഡിൽ തൊഴിൽ പീഡനം; ഹിന്ദുജ ഗ്രൂപ്പ് തലവനും കുടുംബാംഗങ്ങൾക്കും തടവുശിക്ഷ
ജനീവ : ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ സ്വിറ്റ്‌സർലൻഡിലെത്തിച്ച് തുച്ഛ വേതനം നൽകി തൊഴിൽ പീഡനത്തിനിരയാക്കിയ കേസിൽ ബഹുരാഷ്‌ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് ഉടമയും കുടുംബാംഗങ്ങളുമായ 4 പേർക്ക് ജയിൽ ശിക്ഷ. ഹിന്ദുജ തലവൻ പ്രകാശ് ഹിന്ദുജ, ഭാര്യ കമാൽ, മകൻ അജയ്, മരുമകൾ നമ്രത എന്നിവർക്കാണ് സ്വിസ് കോടതി ശിക്ഷ വിധിച്ചത്. പ്രകാശിനും ഭാര്യയ്‌ക്കും നാലര വർഷം തടവും അജയ്, ഭാര്യ നമ്രത എന്നിവർക്ക് നാലുവർഷം തടവുമാണ് ശിക്ഷ.
ജനീവയിലെ അത്യാഡംബര ബംഗ്ലാവിലാണ് തൊഴിലാളികളെ എത്തിച്ചിരുന്നത്. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചുവച്ചിരുന്നതായും ബംഗ്ലാവിന് പുറത്തുപോകാൻ അനുവാദം നൽകിയിരുന്നില്ലെന്നും വിവരമുണ്ട്. മനുഷ്യക്കടത്ത് ഉള്‍പ്പെടെ രജിസ്റ്റർ ചെയ്‌ത കേസുകളിലെല്ലാം നാലുപേരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തൽ. കോടതിവിധിക്കെതിരെ കുടുംബം അപ്പീൽ നൽകി. വിവിധ രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ് ഹിന്ദുജ. അശോക് ലെയ്‌ലന്‍ഡ്, സ്വിച്ച് മൊബിലിറ്റി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍, ഗള്‍ഫ് ഓയില്‍ എന്നിവയാണു പ്രധാന ബിസിനസ് സംരംഭങ്ങള്‍.