സ്പോർട്സ്

യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ  സെൽഫ് ഗോളിലൂടെ വിജയം നേടി സ്‌പെയിൻ

മ്യൂണിച്ച് : യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ  സെൽഫ് ഗോളിലൂടെ വിജയം നേടി സ്‌പെയിൻ.  സ്കോർ: സ്പെയിൻ–1, ഇറ്റലി–0.ഇറ്റലിയുടെ യുവ പ്രതിരോധ താരം റിക്കാർഡോ കാലഫിയോറിയയുടെ പിഴവാണ് 55–ാം മിനിറ്റിൽ സെൽഫ് ഗോളിൽ കലാശിച്ചത്. സ്‌പെയിൻ നോക്ക് ഔട്ട് റൗണ്ട് ഉറപ്പിച്ചു.

നീക്കോ വില്യംസ് ഇറ്റലി ബോക്സിലേക്കു നൽകിയ ബോൾ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ട ഹെഡ് ചെയ്തെങ്കിലും ജിയാൻല്യൂജി ഡൊന്നരുമ്മ സേവ് ചെയ്തു. എന്നാൽ തൊട്ടുമുന്നിലുണ്ടായിരുന്ന കാലഫിയോറിയയുടെ മുട്ടിൽ തട്ടി ബോൾ വലയിൽ വീണു.

ഒട്ടേറെ സ്പാനിഷ് ഗോൾ ഷോട്ടുകൾ തടഞ്ഞ് ഇറ്റലിയെ വൻ തോൽവിയിൽ നിന്നു രക്ഷിച്ചതു ക്യാപ്റ്റൻ കൂടിയായ ഗോളി ജിയാൻല്യൂജി ഡൊന്നരുമ്മയാണ്. രണ്ടാം പകുതിയുടെ അധിക മിനിറ്റുകളിൽ പോലും ഡൊന്നരുമ്മയ്ക്കു വിശ്രമമുണ്ടായില്ല. ഇറ്റലിക്കെതിരായ ജയത്തോടെ 6 പോയിന്റുമായി സ്പെയിൻ നോക്കൗട്ട് ഘട്ടം ഉറപ്പിച്ചു. ഒരു ജയത്തിൽ നിന്നുള്ള 3 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്. സ്പെയിൻ 25ന് അൽബേനിയേയും ഇറ്റലി ക്രൊയേഷ്യയേയും നേരിടും.

ഇംഗ്ലണ്ട് – ഡെന്മാർക്ക്

യൂറോകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഡെൻമാർക്ക്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി. 18-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ ത്രീലയൺസ് ലീഡെടുത്തു. എന്നാൽ 34-ാം മിനിറ്റിൽ മോർട്ടൻ ഹ്യൂൽമൺഡിന്റെ അത്യുഗ്രൻ ലോങ് റെയിഞ്ചറിലൂടെ ഡെൻമാർക്ക് ഗോൾ മടക്കി.

കളിയിലുടനീളം ഇംഗ്ലണ്ടിന് മേൽ ആധിപത്യം പുലർത്തിയാണ് ഡെൻമാർക്ക് മൈതാനം വിട്ടത്. ഏഴ് തവണയാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ഇംഗ്ലണ്ടാകട്ടെ നാല് തവണയും. സമനിലയാണെങ്കിലും ഗ്രൂപ്പ് സിയിൽ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.രണ്ടു പോയന്റ് വീതമുള്ള ഡെൻമാർക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇതോടെ സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തുന്ന ടീമുകളെ തീരുമാനിക്കാൻ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button