കണ്ണീരണിഞ്ഞ് കേരളം; കുവൈത്ത് ദുരന്തത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ നാട് വിതുമ്പലോടെ ഏറ്റുവാങ്ങി
കൊച്ചി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. 45 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വ്യോമസേനയുടെ ഐഎഫ്സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. കസ്റ്റംസ് ക്ലിയറൻസിന് ശേഷം മലയാളികളുടെ മൃതദേഹങ്ങൾ ഇവിടെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു. മരിച്ചവർക്ക് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും
മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. അൽപസമയത്തിനകം മൃതദേഹം അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്‍ ജനാവലിയാണ് വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്. തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.