കുവൈത്തിലെ തീപിടിത്തം ; മരിച്ചവരില്‍ 11 പേര് മലയാളികളെന്ന് റിപ്പോര്‍ട്ട്
കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി : കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര് മലയാളികളെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
അല്‍ അദാന്‍ ആശുപത്രിയില്‍ 30 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഫര്‍വാനിയ ആശുപത്രിയില്‍ 6 പേര് ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പരിക്ക് പറ്റി ചികിത്സയില്‍ ഉള്ളവര്‍ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവന്‍ സഹായവും നല്‍കുമെന്ന് അംബാസഡര്‍ അറിയിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണു തന്റെ മനസ്സെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യം എത്രയും വേഗം മെച്ചപ്പെടുന്നതിനായി താന്‍ പ്രാര്‍ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിരീക്ഷിച്ച് വരികയാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
തീപിടിത്തത്തില്‍ നാല്പതിലേറെ പേര് മരിച്ചതായും നിരവധി പേര്‍ക്കു പരുക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരില്‍ മലയാളിയും ഉള്‍പ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.