യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബയോ മെട്രിക് രീതിയിലൂടെ ഡിജിറ്റൽ സ്റ്റാംപിംങ് , യൂറോപ്യൻ എൻട്രി/എക്സിറ്റ് സിസ്റ്റത്തിലെ യാത്രാ മാനദണ്ഡങ്ങൾ മാറുന്നു

യൂറോപ്യന്‍ യൂണിയന്‍ എന്‍ട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വര്‍ഷം ഒക്റ്റോബർ ആറിന് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യത്തേക്കു യാത്ര ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളാണ് ഇതിലൂടെ നടപ്പാകുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് അംഗരാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിരലടയാളവും ഡിജിറ്റലൈസ് ചെയ്ത യാത്രാ അംഗീകാരവും നല്‍കുന്നതിനാണ് പുതിയ ഇഇഎസ് ഏർപ്പെടുത്തുന്നത്.

ബ്രിട്ടീഷുകാര്‍ക്കും ഒപ്പം മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്കും രണ്ട് വ്യത്യസ്തവും എന്നാല്‍ പരസ്പരം ബന്ധിപ്പിച്ചതുമായ യാത്രാ പദ്ധതികളും ഉണ്ടാവും. ഒന്ന് EES, മറ്റൊന്ന് യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ETIAS). ഇന്ത്യയിൽ നിന്നു യൂറോപ്യൻ യൂണിയനിലേക്കു യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ തന്നെയാകും യുകെയിൽ നിന്നു യാത്ര ചെയ്യുന്നവർക്കുമുള്ളത് എന്നത് കൗതുകരമാണ്. യൂറോപ്യൻ യൂണിയൻ അംഗത്വം യുകെ ഉപേക്ഷിച്ച ശേഷം ഇത്രയും കർക്കശമായ രീതിയിൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുന്നത് ഇതാദ്യം.

യൂറോപ്യൻ യൂണിയൻ എന്‍ട്രി/എക്സിറ്റ് സിസ്റ്റം ഇയു-ഇതര പൗരന്മാര്‍ക്ക് ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പുതിയ ബോര്‍ഡര്‍ മാനേജ്മെന്‍റ് സിസ്റ്റമാണ്. മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും, കൂടാതെ സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ച്റ്റൻസ്റ്റീന്‍, നോര്‍വേ, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങളും ഷെങ്കൻ മേഖലയിൽ ഉള്‍പ്പെടുന്നു. എന്നാല്‍ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ്, സൈപ്രസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ EES സംവിധാനത്തിലൂടെ, ഷെങ്കന്‍ ഏരിയ സന്ദര്‍ശിക്കുന്ന ഇയു ഇതര പൗരന്മാരുടെ പ്രവേശനം, പുറത്തുകടക്കല്‍, പ്രവേശനം നിരസിക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പ്രോസസ് ചെയ്യാനും സംഭരിക്കാനും പങ്കിടാനും ഉപകരിക്കും.

പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യുന്ന പ്രക്രിയ മാറ്റി, സിസ്റ്റം ഒരു പുതിയ ഡേറ്റ ശേഖരണ‌രീതി ഉപയോഗിക്കും. ബയോമെട്രിക് വിവരങ്ങളാണ് ഇതിന്‍റെ അടിസ്ഥാനം. യാത്ര ചെയ്യുന്ന എല്ലാവരുടെയും വിരലടയാളം ശേഖരിക്കുകയും, പേര്, ദേശീയത, മറ്റ് പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ തുടങ്ങി സാധാരണ വ്യക്തിഗത വിവരങ്ങള്‍ നല്‍കിക്കൊണ്ട് മുഖത്തിന്‍റെ ഫോട്ടോ പകർത്തുകയും വേണം. ഈ മേഖലയില്‍ സന്ദര്‍ശകരുടെ താമസം ട്രാക്ക് ചെയ്യാന്‍ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ EES സഹായിക്കും. അതുവഴി ഇയു ഇതര പൗരന്മാർ കൂടുതല്‍ കാലം താമസിക്കുന്നതും, അനധികൃത സന്ദര്‍ശനങ്ങളുമെല്ലാം കണ്ടെത്താൻ സാധിക്കും. രേഖകളിലും ഐഡന്‍റിറ്റിയിലും തട്ടിപ്പ് നടത്തുന്നതു തടയാനും ഇതുവഴും സാധിക്കും.

യാത്രാ രേഖകളുടെയും ബയോമെട്രിക് ഡാറ്റയുടെയും ആധികാരികത പരിശോധിക്കാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ ഓട്ടോമേറ്റഡ് പരിശോധനകള്‍ നടത്താന്‍ ഈ സംവിധാനം ഉപയോഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button