മാൾട്ടയിൽ തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി
മാള്‍ട്ടയില്‍ തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പ്രധാനമന്ത്രി റോബര്‍ട്ട് അബേല വ്യക്തമാക്കിയത്. താല്‍ക്കാലിക തൊഴിലാളികള്‍ അടക്കം ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തുല്യ വേതനം ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. തൊഴില്‍ കരാര്‍ ഉള്ളവര്‍ക്കും
ഇല്ലാത്തവര്‍ക്കും സ്വകാര്യ മേഖലയില്‍ ഏജന്‍സികള്‍ക്കായി തൊഴിലെടുക്കുന്നവര്‍ക്കടക്കം തുല്യ വേതനം ഉറപ്പാക്കുമെന്ന വിപ്ലവകരമായ
പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്.
തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്. ഈ നിയമം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഉടനടി നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ഗ്രേസ് പീരിയഡ് വേണമെന്ന വിവിധ തൊഴില്‍ ദാതാക്കളുടെ ആവശ്യത്തിനു സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. താല്‍ക്കാലിക ഏജന്‍സി തൊഴിലാളികളുടെ ചട്ടങ്ങള്‍
അപ്‌ഡേറ്റ് ചെയ്യുന്ന ഈ പ്രധാന നടപടിക്ക് പുറമെ, ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സികളില്‍ നിന്നുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനും
ഒരു അസൈന്‍മെന്റിന്റെ ആദ്യ ദിവസം മുതല്‍ ശമ്പള തുല്യത ഉറപ്പാക്കുന്നതിനും നിയമപരമായ നടപടിയുണ്ടാകും . നിലവില്‍ നാലാഴ്ചയിലെ
തൊഴിലിനു ശേഷമാണ് തുല്യ വേതനം പലപ്പോഴും അനുവദിക്കപ്പെടുന്നത്. EU താല്‍ക്കാലിക ഏജന്‍സി തൊഴിലാളികളെ മാള്‍ട്ടീസ് നിയമത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചുള്ള 2008 ലെ യൂറോപ്യന്‍ നിര്‍ദ്ദേശത്തെ പൊടി തട്ടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2011 ഡിസംബര്‍ 5 മുതല്‍ താല്‍ക്കാലിക ഏജന്‍സി വര്‍ക്കേഴ്‌സ് റെഗുലേഷന്‍സ് നിര്‍ദേശം പ്രാബല്യത്തില്‍ വന്നുവെങ്കിലും പിന്നീട് പതിയെ അതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി.