നിതീഷ് കുമാര്‍ പ്രധാനമന്ത്രി? ; കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു
ഡല്‍ഹിയില്‍ നിര്‍ണായക കരുനീക്കങ്ങള്‍
നിതീഷ് കുമാര്‍ പ്രധാനമന്ത്രി?; കിങ് മേക്കറാവാന്‍ ചന്ദ്രാബാബു നായിഡു; മറുകണ്ടം ചാടാതിരിക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി ബിജെപി
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ടിഡിപി, ജെഡിയു നിലപാടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ സംസാരിച്ചു. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ജെഡിയു നേതാവ് നിതീഷ് കുമാറുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ ചര്‍ച്ച നടത്തി. ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിയാല്‍ പ്രധാനമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണമെന്ന് നേരത്തെ മമതയും അഭിപ്രായപ്പെട്ടിരുന്നു.
സുപ്രധാന നിമിഷങ്ങളില്‍ പക്ഷം മാറിയ ചരിത്രമുള്ള നേതാവാണ് നിതീഷ് കുമാര്‍. ഇന്ത്യാ സഖ്യം വലിയ ശക്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 272 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ഇന്ത്യാമുന്നണിക്ക് 45 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. ബിജെപി കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ നിതീഷ് കുമാര്‍ വീണ്ടും ഇന്ത്യാമുന്നണിയുടെ ഭാഗമാകുമെന്ന് പലരും കരുതുന്നു.
അതേസമയം, തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാണെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നേറുകയാണ്. ബിജെപി 13 സീറ്റകളില്‍ ലീഡ് ചെയ്യുമ്പോള്‍ ജെഡിയും 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 40 മണ്ഡലങ്ങളുള്ള ബിഹാറില്‍ കഴിഞ്ഞതവണ എന്‍ഡിഎ സഖ്യം 39 സീറ്റുകള്‍ നേടിയിരുന്നു.
ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരം ഉറപ്പിച്ച. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 132 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 175നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ലീഡ് 146 ആയി. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 20 ഇടത്തും ലീഡ് ചെയ്യുന്നു. ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 ഇടത്ത് മാത്രമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഡിപി സ്ഥാനാര്‍ഥികളെല്ലാം വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. പിതപുരം മണ്ഡലത്തില്‍ നിന്ന് ജനസേന പാര്‍ട്ടി സ്ഥാപകനും നടനുമായ പവന് കല്യാണ്‍ ജയിച്ചു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ സഖ്യം സാന്നിധ്യം അറിയിച്ചത്. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എന്‍ഡിഎ മുന്നില്‍ കയറി. 2014നു ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് പിടിച്ചു.
2019 ല്‍ എന്‍ഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എന്‍ഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ഏപ്രില്‍ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലയി നടന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ജൂണ്‍ ഒന്നിനായിരുന്നു.