കാത്തിരിപ്പിന് അന്ത്യം, രാജ്യത്തിന്റെ വിധി അല്പനേരത്തിനകം, എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും
രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാം
ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. പരമാവധി വേഗം വോട്ട് എണ്ണുന്ന രീതിയിലാണ് ക്രമീകരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മൂന്ന് റൗണ്ട് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യക്ഷികളുടെ പ്രകടനം കൂടിയാകുബോൾ വലിയ മുന്നേറ്റം ബി.ജെ.പി ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. എന്നാൽ 295 സീറ്റുകൾ നേടി അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷ പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് ഇൻഡ്യാ സഖ്യം. അട്ടിമറി നടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രത വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആഹ്വനം ചെയ്തിട്ടുണ്ട്. പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.