ജാമ്യാപേക്ഷയിലെ വിധി ബുധനാഴ്ച മാത്രം, കെജ്‌രിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വിചാരണക്കോടതി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി. താത്കാലിക ജാമ്യകാലാവധി അവസാനിച്ചതോടെ കെജ്‌രിവാൾ ഞായറാഴ്‌ച്ച ജയിലിലേക്ക് തിരിച്ചുപോകും. കാലാവധി നീട്ടിക്കിട്ടാൻ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്ഥിരംജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. തുടർന്നാണ്, വിചാരണക്കോടതിയിൽ ഹർജി നൽകിയത്.
ഇതോടൊപ്പം, ആരോഗ്യപശ്‌ചാത്തലം കണക്കിലെടുത്ത് ഒരാഴ്‌ച്ച ഇടക്കാലജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി. ശനിയാഴ്‌ച്ച റൗസ്‌അവന്യുകോടതിയിലെ പ്രത്യേകജഡ്‌ജി മുമ്പാകെ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മെഡിക്കൽ പരിശോധനകൾക്കുവേണ്ടി കെജ്‌രിവാളിനെ എയിംസിലോ മറ്റോ പ്രവേശിപ്പിക്കാമെന്നും വാദിച്ചു.