ദേശീയം

ലൈംഗിക പീഡനക്കേസ് : ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രേവണ്ണയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ച ശേഷമായിരുന്നു അറസ്റ്റ്. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്.

ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48നാണ് ബെംഗളൂരുവിൽ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തിൽ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. 9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയിൽ വിമാനത്താവളത്തിലുണ്ടായിരുന്നു. പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.

ഇന്ന് രാവിലെ 10ന് എസ്ഐടിക്കു മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചിരുന്നു. ‌

60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. അമ്മ ഭവാനി രേവണ്ണ മുൻ ജില്ലാ പഞ്ചായത്ത് അംഗം.

പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റജിസ്റ്റർ ചെയ്തിരിക്കുന്ന 3 ലൈംഗിക പീഡന കേസുകളിൽ രണ്ടെണ്ണത്തിലും രേവണ്ണയും പ്രതിയാണ്. ‌1990 ഓഗസ്റ്റ് 5ന് ജനിച്ച പ്രജ്വൽ 17–ാം ലോകസഭയിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ അംഗമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ ജയിച്ചു. പീഡനത്തിനിരയായവർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ ഇന്നലെ ഹാസൻ കലക്ടറേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button