ടൂറിസ്റ്റ് വിസ നൽകില്ല, റഷ്യയിലേക്കുള്ള സ്റ്റോർസ്കോഗ്-ബോറിസ് ഗ്ലെബ് അതിർത്തി അടക്കാൻ നോർവേ
മെയ് 29 മുതല്‍ റഷ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് നോര്‍വേ പ്രഖ്യാപിച്ചു. നിലവില്‍ റഷ്യക്കാര്‍ക്ക് മുന്നിലുള്ള ഏക യൂറോപ്യന്‍ കവാടമായ സ്റ്റോര്‍സ്‌കോഗ്-ബോറിസ് ഗ്ലെബ് ബോര്‍ഡറാണ് നോര്‍വേ പൂര്‍ണമായും അടയ്ക്കുന്നത്. മേഖലയില്‍ റഷ്യയുമായി 198 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നോര്‍വേ.
മെയ് 29 മുതല്‍ക്ക് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നോര്‍വേയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഉക്രെയിനെതിരായ റഷ്യയുടെ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് നോര്‍വേ നീതിന്യായ-പൊതു സുരക്ഷാ മന്ത്രി എമിലി എന്‍ഗര്‍ മെഹല്‍ പ്രസ്താവനയില്‍ പറഞ്ഞു.ദീര്‍ഘകാല വിസയുള്ളവര്‍ക്കും മറ്റ് ഷെങ്കന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള വിസയുള്ളവര്‍ക്കും അയല്‍ക്കാര്‍ക്കിടയിലുള്ള ഒരേയൊരു സ്റ്റോര്‍സ്‌കോഗ്-ബോറിസ് ഗ്ലെബ് ബോര്‍ഡര്‍ ക്രോസിംഗ് വഴി ഇപ്പോഴും കടക്കാന്‍ കഴിയും.മെയ് 29 മുതല്‍ അവര്‍ക്ക് ഇനി അതിന് കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 2022 ലെ ഉക്രെയിന്‍ ആക്രമണത്തിന് ശേഷം റഷ്യക്കാര്‍ക്ക് വിസ നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇ.യു അംഗ രാജ്യമല്ലാത്ത നോര്‍വെയിലൂടെയാണ് ഷെങ്കന്‍ വിസ സ്വന്തമാക്കി റഷ്യക്കാര്‍ യൂറോപ്പിലേക്ക് എത്തിയിരുന്നത്. ഈ സാധ്യതയാണ് നോര്‍വേ അടയ്ക്കുന്നത് .