ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ച് യൂറോപ്യൻ കമ്മീഷൻ
ഷെങ്കന്‍ വിസയെടുത്ത് യൂറോപ്പ് മുഴുവന്‍ ചുറ്റാം എന്ന് കരുതുന്നവര്‍ക്ക് ഇനി ചിലവ് കൂടും. ജൂണ്‍ 11 മുതല്‍ ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാന്‍ യൂറോപ്യൻ കമ്മീഷന്‍ തീരുമാനിച്ചു. ഇതോടെ വിസയ്ക്ക് 8200 രൂപ കൂടി കൈയില്‍ കരുതേണ്ടി വരും.29 യൂറോപ്യന്‍ രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാം എന്നതാണ് ഷെങ്കന്‍ വിസയുടെ പ്രത്യേകത.
വിസ ഫീസിലുള്ള വര്‍ധന സ്ഥിരീകരിച്ച് സ്ലോവേനിയ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. മുതിര്‍ന്നവര്‍ക്കുള്ള വിസ ഫീസ് 80 യൂറോയില്‍ നിന്നും 90 യൂറോയാക്കി വര്‍ധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. കുറഞ്ഞകാലത്തേക്ക് യുറോപ്പില്‍ താമസിക്കുന്നവരുടെ വിസ ഫീസാണ് നിലവില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.2020ലാണ് ഇതിന് മുമ്പ് ഷെങ്കന്‍ വിസയ്ക്കുള്ള ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് 60 യൂറോയില്‍ നിന്നും 80 യൂറോയായാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം ഉയര്‍ന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2022നെ അപേക്ഷിച്ച് 2023ല്‍ യൂറോപ്പില്‍ സന്ദര്‍ശനം നടത്താന്‍ ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. 43 ശതമാനം വര്‍ധന. വിസ അപേക്ഷയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 966,687 ഇന്ത്യക്കാരാണ് അപേക്ഷിച്ചത്. ചൈനയാണ് മുന്‍പന്തിയില്‍. 11ലക്ഷം ചൈനക്കാരാണ് അപേക്ഷ നല്‍കിയത്.