അന്തർദേശീയം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുള്ളത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റെയ്സി അസർബൈജാനിൽ എത്തിയത്. ആയത്തുല്ല അലി ഖാംനഇക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് ഇബ്രാഹിം റെയ്സി. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button