ദേശീയംസ്പോർട്സ്

റൊണാൾഡോക്കും മെസിക്കും മാത്രം പിന്നിൽ , അഭിമാനത്തോടെ ഛേത്രി ബൂട്ടഴിക്കുമ്പോൾ

ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയ പ്രതിഭകൾ ബൂട്ടഴിച്ചപ്പോൾ ഇന്ത്യക്കായി ഗോളുകൾ വർഷിച്ചു നിറഞ്ഞ ഛേത്രി മംഗളം പാടുമ്പോൾ ആ വിടവ് നികത്താൻ ഇന്ത്യ ഒരുപാട് വിയർപ്പൊഴുക്കുമെന്ന് തീർച്ച

20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമാണോ ? അല്ല. അതും ഫുട്‍ബോളിന്‌ കാര്യമായ ഫാൻ ബേസില്ലാത്ത , ലോകകപ്പ് യോഗ്യത എന്നതൊക്കെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു രാജ്യത്ത് ..ഉറങ്ങുന്ന സിംഹം എന്നൊക്കെ ഫിഫ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ഫുട്ബോളിന്റെ ഉറക്കവും ഉണർവും എല്ലാം ഒരൊറ്റ പോസ്റ്റർ ബോയെ കേന്ദ്രീകരിച്ചാണ്- തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നുള്ള സുനിൽ ഛേത്രി എന്ന മുന്നേറ്റക്കാരനെ മാത്രം കേന്ദ്രീകരിച്ച്.

ലോകത്തെ മികച്ച ഗോൾ വേട്ടക്കാരുടെ പട്ടിക മാത്രമെടുത്താൽ മതി ഇന്ത്യ എന്നൊരു രാജ്യത്തിന് ഛേത്രി നൽകുന്ന അഭിമാനം എന്തെന്ന് വെളിവാക്കാൻ. ക്രിസ്ത്യാനോ റൊണാൾഡോ, മെസി എന്നിവർക്ക് തൊട്ടു പിന്നിലായി പെലെക്കും നെയ്മറിനും മുകളിലായി ഒരു പേരു തെളിഞ്ഞു കിടപ്പുണ്ട്- സുനിൽ ഛേത്രി എന്ന ഇന്ത്യൻ നായകന്റെ. ഫുട്‌ബോള്‍ റെക്കോഡുകള്‍ കൊണ്ട് ലോകോത്തര താരങ്ങള്‍ക്കൊപ്പമോ തൊട്ടു താഴെയോ നില്‍ക്കുന്ന ഒരു പ്രതിഭ നമുക്കുണ്ട് എന്ന് ആ പട്ടിക നോക്കി എത്രയോ വട്ടം ഇന്ത്യൻ ഫുടബോൾ ആരാധകർ കോൾമയിർ കൊണ്ടിരിക്കുന്നു. 2005 തൊട്ട് ഈ നിമിഷം വരെയുള്ള നമ്മുടെ ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഛേത്രിയുടെ പേര് നിത്യസാന്നിധ്യമായുണ്ട്. ഈ ജൂണിൽ സുനില്‍ ഛേത്രിയുടെ ഈ സാന്നിധ്യത്തിന് രണ്ട് പതിറ്റാണ്ടാവും. 20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമല്ല. ഇന്ത്യൻ കുപ്പായം അണിഞ്ഞ അതേ ജൂണിൽ തന്നെ അതൂരി വെക്കാൻ ഛേത്രി തീരുമാനിക്കുമ്പോൾ പകുതിപോലും നിറയാത്ത ഇന്ത്യൻ ഗാലറികളെ സാക്ഷിയാക്കി ഛേത്രി നടത്തിയ പടയോട്ടങ്ങൾ ഇനി ഓർമകളിലേക്ക് മാറും. ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയ പ്രതിഭകൾ ബൂട്ടഴിച്ചപ്പോൾ ഇന്ത്യക്കായി ഗോളുകൾ വർഷിച്ചു നിറഞ്ഞ ഛേത്രി മംഗളം പാടുമ്പോൾ ആ വിടവ് നികത്താൻ ഇന്ത്യ ഒരുപാട് വിയർപ്പൊഴുക്കുമെന്ന് തീർച്ച.

ഛേത്രിക്ക്് ഇപ്പോള്‍ 39 വയസ്സായി. 150-ാം അന്താരാഷ്ട്ര മത്സരത്തിൽ പോലും ഗോളടിച്ചു കൈവിരിച്ചു നിൽക്കാൻ ഛേത്രിക്ക് കഴിഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഗോളടിക്കുക എന്നത് ഛേത്രിയെ സംബന്ധിച്ച പുതിയ കാര്യമല്ല. പണ്ടുമുതലേ അതങ്ങനെയാണ്.അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ ഗോള്‍ നേടിയാണ് തുടക്കം. തുടര്‍ന്ന് പത്താമത്തെയും ഇരുപത്തഞ്ചാമത്തെയും അന്‍പതാമത്തെയും എഴുപത്തഞ്ചാമത്തെയും നൂറാമത്തെയും നൂറ്റി ഇരുപത്തഞ്ചാമത്തെയും ഇപ്പോള്‍ നൂറ്റന്‍പതാമത്തെയും മത്സരങ്ങളിലെല്ലാം ഛേത്രി ഗോളടിച്ചിട്ടുണ്ട്.

150 മത്സരങ്ങളില്‍നിന്നായി 94 ഗോളുകളാണ് ഛേത്രി നേടിയത്. ഇന്ത്യക്കായി ഏറ്റവുമധികം കളിച്ച ഫുട്‍ബോളർ- ലോക ഫുട്‌ബോളിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് ഛേത്രിക്കു മുന്നിലുള്ള നിലവിലെ കളിക്കാര്‍. ക്രിസ്റ്റിയാനോ 128 ഗോളുകളും മെസ്സി 106 ഗോളുകളുമാണ് നേടിയത്. ഇവര്‍ക്കു കീഴില്‍ മൂന്നാം സ്ഥാനത്തുവരും ഇന്ത്യയുടെ സ്വന്തം ഛേത്രി. അര്‍ജുന അവാര്‍ഡ്, പദ്മശ്രീ, ഖേല്‍ രത്‌ന എന്നീ ബഹുമതികള്‍ കൊണ്ട് ഛേത്രിയെ ആദരിച്ചിട്ടുണ്ട് ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button