2019 നേക്കാൾ 7.64 % പോളിംഗ് കുറഞ്ഞു, കൂടുതൽ പോളിംഗ് കണ്ണൂരിൽ; കുറവ് പത്തനംതിട്ടയിൽ
കേരളം വിധിയെഴുതി. രണ്ടാംഘട്ട പോളിങ്ങിൽ രാജ്യത്തെ മറ്റ് 68 മണ്ഡലങ്ങൾക്കൊപ്പമാണ് കേരളവും പോളിങ് ബൂത്തിലെത്തിയത്. അവസാന വിവരമനുസരിച്ച് 70.35 ശതമാനം പേർ വോട്ട് ചെയ്‌തു. ആകെയുള്ള 2,77,49,159 വോട്ടർമാരിൽ 1,95,22,259 പേരാണ് വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തിലേക്ക് ഇക്കുറി കേരളം എത്തിയില്ല. 77.67 ശതമാനമായിരുന്നു 2019ലെ പോളിങ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.06 ശതമാനത്തിലേക്കും പോളിങ് എത്തിയില്ല. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കണ്ണൂരിലാണ് 75.74 ശതമാനം. കുറവ് പത്തനംതിട്ടയിൽ –- 63.35. വടകര,മലപ്പുറം,കണ്ണൂർ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വോട്ടെടുപ്പ് നീണ്ടു .യന്ത്രം പണിമുടക്കിയെന്നു പറഞ്ഞ് നിറുത്തിവച്ചതും വോട്ടെടുപ്പ് മന്ദഗതിയിൽ തുടർന്നതുമാണ് ഇതിനിടയാക്കിയത്.ആറുമണിക്ക് മുമ്പ് എത്തിയവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. സ്ത്രീകൾ അടക്കം നിരവധിപേർ ഈ മണ്ഡലങ്ങളിലെ ബൂത്തുകളിൽ നിന്ന് വോട്ടുചെയ്യാതെ മടങ്ങിപ്പോയി. കോഴിക്കോടും വടകരയും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായും ആക്ഷേപം ഉണ്ടായി.വോട്ടെടുപ്പ് മന്ദഗതിയിലാക്കി വോട്ടർമാരെ അകറ്റിയെന്നും ആക്ഷേപമുണ്ടായി.
മുദ്രവച്ച വോട്ടിംഗ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൂക്ഷിക്കും.അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ബൂത്ത് ഏജന്റ് അടക്കം പത്തുപേർ കുഴഞ്ഞുവീണ് മരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എറണാകുളത്തും വോട്ട് ചെയ്തു. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട് ജയരാജന് ജാഗ്രതകുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയായി. ടുത്ത ചൂട് വോട്ടർമാരെ വിഷമിപ്പിച്ചു. ആദ്യമായാണ് പത്തുപേർ ബൂത്തിൽ കുഴഞ്ഞുവീണ് മരിക്കുന്നത്.
# 7.64 % വോട്ട്കുറഞ്ഞു
2.77കോടി :മൊത്തംവോട്ടർമാർ
ലോക് സഭ 2024:70.03 %
ലോക് സഭ 2019:77.67 %
നിയമസഭ 2021:74.06 %