കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ 6 വരെ ഉഷ്ണതരംഗം
ന്യൂഡൽഹി: രാജ്യത്തെ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഏപ്രിൽ 3 മുതൽ 6 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഉഷ്ണതരംഗത്തിന് സാധ്യത.തീരദേശ കർണാടക, കേരളം, മാഹി, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ ഏപ്രിൽ 6 വരെയും തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏപ്രിൽ 5 വരെയും ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്.
ഏപ്രിൽ പകുതി മുതൽ ഉഷ്ണതരംഗം വടക്കേ ഇന്ത്യയിലേക്കും വ്യാപിക്കും.ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, വടക്കൻ ചത്തീസ്ഗഢ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ചൂട് കൂടാൻ പോകുന്നത്.ഏപ്രിൽ പകുതിയോടെ രാജ്യത്തുടനീളം ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് പറഞ്ഞു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ കാലഘട്ടങ്ങളിൽ താപനിലയിൽ വർധന ഉണ്ടാവില്ല.രാജ്യത്തിന്റെ ചിലയിടങ്ങളിൽ 10 മുതൽ 20 ദിവസം വരെയും ചിലയിടങ്ങളിൽ 4 മുതൽ 8 ദിവസങ്ങൾ വരെയും ഉഷ്ണതരംഗം നീളുമെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് കൂട്ടിച്ചേർത്തു.