മാൾട്ടയിലെ മാർസ മൈഗ്രന്റ് സെന്റർ അടച്ചുപൂട്ടി
മാൾട്ടയിലെ മാർസ മൈഗ്രന്റ് സെന്റർ അടച്ചുപൂട്ടി. അവിടെ താമസിച്ചിരുന്നവരെ ഹൽഫാറിൽ സമാനമായ കേന്ദ്രത്തിലേക്ക് മാറ്റിയതായും മാർസ മേയർ ജോസഫ് അസോപാർടി അറിയിച്ചു. കടലിലൂടെ മാൾട്ടയിലെത്തിയ കുടിയേറ്റക്കാർക്കുള്ള ആദ്യ റെസിപ്ഷൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഇടമാണിത്.
മാൾട്ടയിൽ അഭയം നൽകാനുള്ള അഭയ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തിരുന്ന ഇടമെന്ന നിലയിൽ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് മാർസ മൈഗ്രന്റ് സെന്റർ. അടുത്ത കാലത്ത്, പുതുതായി എത്തിച്ചേർന്നവർക്കുള്ള തടങ്കൽ കേന്ദ്രമായും ഇതിന്റെ ഒരു ഭാഗം പ്രവർത്തിച്ചിരുന്നു. ഡോർമിറ്ററി രീതിയിലുള്ള താമസ സൗകര്യമാണ് ഇവിടുണ്ടായത്. പരമാവധി 500 പേരെ താമസിപ്പിക്കാനുള്ള ശേഷിയാണ് കേന്ദ്രത്തിനു ഉണ്ടായിരുന്നതെങ്കിലും പലപ്പോഴും അന്തേവാസികൾ തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. മാൾട്ടീസ് ജനതക്ക് ഉപകാരപ്രദമായ തരത്തിൽ കേന്ദ്രത്തെ പുനരുപയോഗം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.