മാൾട്ടയുടെ ഔദ്യോഗിക വിമാനസർവീസിൽ നിന്നും മാൾട്ടീസ് ഭാഷ പുറത്ത്, വിവാദം കത്തുന്നു
മാൾട്ടയുടെ പുതിയ ദേശീയ വിമാന കമ്പനിയായ കെഎം മാൾട്ട എയർലൈൻസിലെ കാബിൻ ക്രൂവിന് മാൾട്ടീസ് ഭാഷാ ജ്ഞാനം നിരബന്ധമല്ലെന്ന ഉത്തരവ് വിവാദമാകുന്നു. തങ്ങളുടെ കാബിൻ ക്രൂ ജീവനക്കാർക്ക് ഇംഗ്ലീഷും മാൾട്ടീസും സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണമെന്ന മുൻഗാമിയായ എയർ മാൾട്ടയുടെ നിയമം കെഎം മാൾട്ട എയർലൈൻസ് പാലിക്കില്ല എന്നാണ് അറിയുന്നത്. ഇതിനെതിരെ മാൾട്ടയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു.
യാത്രക്കാരിൽ 80 ശതമാനത്തിലധികവും വിദേശികളായിരിക്കുമെന്ന പ്രതീക്ഷയാണ് കെഎം മാൾട്ട എയർലൈൻസിന്റെ നയമാറ്റത്തിന് പിന്നിൽ. “കെഎം മാൾട്ട എയർലൈൻസിൽ പറക്കുന്ന 80% ത്തിലധികം ഉപഭോക്താക്കളും മാൾട്ടീസ് പൗരന്മാർ ആയിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, മാൾട്ടീസ് ഭാഷയുടെ പരിജ്ഞാനം ഇനി തൊഴിൽ നിയമനത്തിന് നിർബന്ധമായ യോഗ്യതയായി കണക്കാക്കില്ല,” അവർ പറഞ്ഞു. നിലവിൽ എല്ലാ കാബിൻ ക്രൂവിനും മാൾട്ടീസ് ഭാഷ അറിവുണ്ടെന്ന് വക്താവ് പറഞ്ഞു. കെഎം മാൾട്ട എയർലൈൻ എല്ലാ യാത്രകളിലും സുരക്ഷാ സന്ദേശങ്ങളും മറ്റ് പ്രഖ്യാപനങ്ങളും ഇപ്പോഴും മാൾട്ടീസിലും ഇംഗ്ലീഷിലും നനടത്തുമെന്നും എയർലൈൻസ് വക്താവ് കൂട്ടിച്ചേർത്തു.“4-5 ജീവനക്കാരുള്ള ഒരു കാബിൻ ക്രൂ ഓപ്പറേറ്റിംഗ് ടീമിൽ, മാൾട്ടീസ് ഭാഷയിൽ നല്ല അറിവുള്ള ജീവനക്കാരെ കെഎം മാൾട്ട എയർലൈൻസ് ഉൾപ്പെടുത്തും . എന്നാൽ വിദേശ യാത്രക്കാരുടെ പ്രയോജനത്തിനായി ചില റൂട്ടുകളിൽ വിദേശ ഭാഷാ പരിജ്ഞാനമുള്ള കൂടുതൽ പേരെഉൾപ്പെടുത്തും.
പ്രതികരണങ്ങൾ:
- ഈ തീരുമാനം “അപമാനകരമാണ്”, ദേശീയ ഭാഷയെ അവഗണിക്കുന്നതാണെന്നു നാഷണലിസ്റ്റ് പാർട്ടി വിമർശിച്ചു.
- ഐടിഎ യിൽ ഇറ്റാലിയനും ലുഫ്താൻസയിൽ ജർമനും എയർ ഫ്രാൻസിൽ ഫ്രഞ്ചും നിർബന്ധമാണ് , എന്നാൽ നമുക്ക് മാൾട്ടീസ് ഭാഷയോട് അയിത്തമാണ്-സ്വതന്ത്ര സ്ഥാനാർഥി അർണോൾഡ് കസോള വിമർശിച്ചു.
- വിദേശ സന്ദർശകരെ ലക്ഷ്യം വച്ചുള്ള ടൂറിസം വ്യവസായവുമായി തങ്ങളുടെ നിലപാട് ചേർന്ന് നിൽക്കുന്നതാണെന്ന് വിമാന കമ്പനി വാദിച്ചു. സുരക്ഷാ പ്രഖ്യാപനങ്ങൾ മാൾട്ടീസിലും ഇംഗ്ലീഷിലും തുടരും, ചില ജീവനക്കാർക്ക് ഇപ്പോഴും മാൾട്ടീസ് ഭാഷാ അറിവ് ഉണ്ടായിരിക്കുമെന്നും അവർ ഉറപ്പുനൽകി.