ഇനി മാൾട്ടയിലെ തെരുവുകൾ ആപ്പിൾ മാപ്പിലും , രാജ്യത്തിന്റെ ഓരോ ഇടവഴിയും പകർത്തി ടെക് ഭീമനായ ആപ്പിൾ
മാള്‍ട്ടയിലെ ലാന്‍ഡ് മാര്‍ക്കുകള്‍ വിശദമായി പകര്‍ത്തി ടെക് ഭീമനായ ആപ്പിള്‍. 360 ഡിഗ്രി കാമറ ഘടിപ്പിച്ച ആപ്പിൾ മാപ്സ് എന്നെഴുതിയ കാർ മാൾട്ട തെരുവുകളിലൂടെ ഓടിച്ചാണ് ആപ്പിൾ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് സമാനമായ ഒന്ന് ആപ്പിൾ മാപ്സിലൂടെ ഉപഭോക്താക്കൾക്ക് നൽകാനാണ് ആപ്പിളിന്റെ ശ്രമം.
റോഡുകളുടെയും അടയാളങ്ങളുടെയും ലാൻഡ്മാർക്കുകളുടെയും ഫോട്ടോകൾ എടുക്കുന്ന ഈ പ്രക്രിയ മാർച്ച് ആദ്യവാരം വരെ തുടരുമെന്നാണ് കരുതുന്നത്. പോർട്ടബിൾ ഡിവൈസുകൾ ഉപയോഗിച്ചാണ് വലേറ്റയിലെ കാർ പ്രവേശിക്കാത്ത തെരുവുകളുടെ ചിത്രങ്ങൾ ആപ്പിൾ മാപ്സ് പകർത്തുന്നത്. മാൾട്ടക്ക് പുറമേ ഫ്രാൻസ്, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആപ്പിൾ മാപ്സ് സമാനമായ സർവേ നടത്തുന്നതായാണ് വിവരം. 2012 ൽ തന്നെ ആപ്പിൾ മാപ്സ് സേവനം നല്കിത്തുടങ്ങിയതാണ് എങ്കിലും, വിവരങ്ങളിൽ കൃത്യതയില്ലായ്മ മൂലം കമ്പനി ആ സേവനത്തിനു കൂടുതൽ ഊന്നൽ നൽകിയിരുന്നില്ല. അന്നത്തെ ആപ്പിൾ സിഇഒ ഠിം കുക്ക് ഒരു തുറന്ന കത്തിലൂടെ കമ്പനിക്ക് സംഭവിച്ച അബദ്ധം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. 2016 ൽ ഗൂഗിൾ സമാനമായൊരു ഉദ്യമം മാൾട്ടയിൽ നടത്തിയിരുന്നു.