ദേശീയം

യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻകര്‍ഷകറാലി

ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻ കർഷക റാലി. കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തതിന് പിന്നാലെ ആണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനും ഏറ്റുവാങ്ങാനും കർഷക സംഘടനകളും കുടുംബവും തയ്യാറായത്. അതേസമയം കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഹരിയാന പൊലീസും കടന്നു.

21കാരനായ ശുഭ്കരൺ സിംഗ് കർഷക സമരത്തിനിടെ മരിച്ചത് ഈ മാസം 21ന് ആയിരുന്നു. മരണത്തിനിടയാക്കിയ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ പഞ്ചാബ് പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനോ സംസ്കരിക്കാനോ കുടുംബവും കർഷക സംഘടനകളും തയ്യാറായില്ല. എട്ട് ദിവസം മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചും കേന്ദ്ര സർക്കാരിന് എതിരായ കർഷകരുടെ ഡൽഹി ചലോ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിർത്തി വെച്ചും കർഷകർ പ്രതിഷേധം തുടർന്നു. ഇന്നലെ രാത്രിയോടെ ആണ് പഞ്ചാബ് പൊലീസ് പത്രാൻ സ്റ്റേഷനില്‍ ശുഭ്കരണ്‍ സിംഗിൻ്റെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അജ്ഞാതരെ പ്രതിയാക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൃത്യം നടന്നത് ഹരിയാനയിലെ ജിന്ദ് ജില്ലയിൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലക്കുറ്റം, കൊലപാതക പ്രേരണ കുറ്റം എന്നിവയാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഏറ്റുവാങ്ങിയ മൃതദേഹം റാലിയായി കർഷകർ സമരം നടക്കുന്ന ഖനൗരി അതിർത്തിയിലേക്ക് കൊണ്ട് പോയി. ഇവിടെ അന്തിമോപചാരം അർപ്പിച്ച ശേഷം സംസ്കാര ചടങ്ങുകൾക്കായി ശുഭ്കരണിൻ്റെ ഭട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ട് പോകും. ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം ഇന്ന് ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനിടെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കമാണ് ഹരിയാന സർക്കാർ നടത്തുന്നത്. ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ കർഷകരുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഹരിയാന പൊലീസ് കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button