സിപിഐ പ്രഖ്യാപനമായി , ആനിരാജയും പന്ന്യനും സുനിൽകുമാറും അരുൺകുമാറും ലോക്സഭാ സ്ഥാനാർത്ഥികൾ
എൽഡിഎഫ് ധാരണപ്രകാരം സിപിഐ മത്സരിക്കുന്ന നാലുസീറ്റിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്
തിരുവനന്തപുരം: സീനിയർ നേതാക്കളും യുവനേതാവുമടങ്ങുന്ന സിപിഐ സ്ഥാനാർഥി പട്ടികക്ക് അംഗീകാരമായി. എൽഡിഎഫ് ധാരണപ്രകാരം സിപിഐ മത്സരിക്കുന്ന നാലുസീറ്റിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനിരാജ( വയനാട് ), പന്ന്യൻ രവീന്ദ്രൻ( തിരുവനന്തപുരം ), സംസ്ഥാന കൗൺസിൽ അംഗം വിഎസ് സുനിൽ കുമാർ( തൃശൂർ) , എ.ഐ.വൈ.എഫ് നേതാവ് അരുൺകുമാർ( മാവേലിക്കര ) എന്നിവരാണ് പട്ടികയിലുള്ളത്.
സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്ന മുൻ എം പിയുമായ പന്ന്യൻ രവീന്ദ്രൻ രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ജനവിധി തേടുന്നത്. 1982 മുതൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പന്ന്യൻ രവീന്ദ്രൻ 2005ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം ലോസഭാ മണ്ഡലത്തിൽനിന്നും വിജയിച്ചത്. കണ്ണൂർ ജില്ലയിലെ കക്കാട് സ്വദേശിയാണ്.
തൃശൂർ ലോകസഭാ മണ്ഡലം തിരിച്ചു പിടിക്കുവാനാണ് ജനകീയ നേതാവെന്ന് പേരെടുത്ത സുസമ്മതനായ വി എസ് സുനിൽ കുമാർ ഇത്തവണ മത്സര രംഗത്തേക്കിറങ്ങുന്നത്. 1992 മുതൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ സുനിൽ കുമാർ വിദ്യാർതഥി, യുവജന പ്രസ്ഥാനത്തെ നയിച്ചു. 2006ൽ ചേർപ്പ് നിയോജകമണ്ഡലത്തിൽ നിന്നും 2011ൽ കയ്പമംഗലം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ തൃശൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി എസ് സുനിൽകുമാർ കൃഷി മന്ത്രിയായിരുന്നു. തൃശൂർ അന്തിക്കാട് സ്വദേശിയാണ്.
എഐഎസ്എഫിന്റെ സജീവ നേതാവും ജനയുഗം പത്രത്തിൽ പ്രാദേശിക ലേഖകനുമായിരുന്ന അഡ്വ. സി എ അരുൺകുമാറിന് മാവേലിക്കരയിൽ കന്നിയങ്കമാണ്. കായംകുളം സ്വദേശിയായ അരുൺകുമാർ വിദ്യർതഥി യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു.