മാൾട്ടയിൽ ജോലിക്ക് ഇനി മാൾട്ടിസ് ഭാഷ നിർബന്ധം? പഠന റിപ്പോർട്ട് പുറത്തുവന്നു.
ഓരോ മേഖലകളിലുമുള്ള ഭാഷാ പ്രയോഗത്തിന്റെ ഊന്നൽ എങ്ങനെയാകണം എന്ന് വ്യക്തമാക്കി തരുന്നതാണ് ഈ പഠനം
വലേറ്റ: മാൾട്ടയിൽ ജോലി ചെയ്തു മുന്നോട്ടു പോകണോ ? ഇംഗ്ളീഷിനൊപ്പം ഇനി മാൾട്ടീസും നിർബന്ധമായും പഠിക്കേണ്ടി വരുമെന്ന സൂചനയുമായി പഠന റിപ്പോർട്ട് വെളിയിൽ. മാൾട്ടയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ നിർബന്ധമായും മാൾട്ടീസ് പഠിക്കണമെന്ന് തദ്ദേശീയർ ആഗ്രഹിക്കുന്നതായി പഠന റിപ്പോർട്ട്. മാൾട്ടീസ് ഭാഷാ ദേശീയ കൗൺസിലിനായി യൂണിവേഴ്സിറ്റി ലക്ചറും സർവേ വിദഗ്ധനുമായ വിൻസ് മർമര നടത്തിയ പഠനത്തിലാണ് 85 ശതമാനം മാൾട്ടക്കാരും തങ്ങളുടെ രാജ്യത്തെ വിദേശ തൊഴിലാളികൾ ഇന്നാട്ടിലെ ഭാഷ പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. മാൾട്ടയിലെ ഓരോ മേഖലകളിലുമുള്ള ഭാഷാ പ്രയോഗത്തിന്റെ ഊന്നൽ എങ്ങനെയാകണം എന്ന് വ്യക്തമാക്കി തരുന്നതാണ് ഈ പഠനം.
മാൾട്ടീസ് , ഇംഗ്ലീഷ്, ഇറ്റാലിയൻ.. മുൻഗണന ഇതാണ്
മാൾട്ടയിലെ ജനങ്ങൾ എപ്പോൾ എവിടെ എങ്ങനെ മാൾട്ടീസ് ഭാഷ പ്രയോഗിക്കാനാണ് താൽപര്യപ്പെടുന്നത് എന്നതിനെക്കുറിച്ചാണ് ചോദ്യാവലി . രസകരമായ ചില സ്ഥിതിവിവരക്കണക്കുകൾ ആണ് ഈ പഠനത്തിൽ ഉള്ളത്. സർവേയിൽ പങ്കാളികളായ ഏതാണ്ട് എല്ലാവർക്കും മാൾട്ടീസ് ഭാഷയും ഇംഗ്ലീഷും ഒരുപോലെ അറിയാം, മൂന്നിൽ രണ്ടു ശതമാനത്തിനു ഇറ്റാലിയനും അറിയാം. ജനസംഖ്യയുടെ പകുതി പേർക്കും ഇറ്റാലിയനിൽ സംസാരിക്കാനും കഴിയും. മാൾട്ടീസ് ഭാഷ ഇംഗ്ലീഷ് കലർന്ന് അതിന്റെ തനിമ ചോരുന്ന തരത്തിലാണ് നിലവിലുള്ളത് എന്നാണ് 85 ശതമാനം പേരുടെയും അഭിപ്രായം.
തൊഴിലിടങ്ങളിൽ മാൾട്ടീസ് കേൾക്കാൻ കൊതി
തൊഴിലിടങ്ങളിൽ മാൾട്ടീസ് സംസാരിക്കാനാണ് 80 ശതമാനം പേർക്കും താൽപര്യം , പകുതിയിലേറെ പേർക്ക് ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ കഴിയും. സുഹൃത്തുക്കളോടും ബന്ധുക്കളോടും മാൾട്ടീസ് സംസാരിക്കാനാണ് 95 % പേർക്കും താല്പര്യം. ബാങ്കുകളിലാണ് മാൾട്ടീസ് കൂടുതലായി തദ്ദേശീയർ കേൾക്കുന്നത്, പക്ഷേ ബാറിലും റെസ്റ്റോറന്റിലും കൂടി ഇത്തരത്തിൽ മാൾട്ടീസിൽ ആശയവിനിമയം നടത്താൻ കഴിയണമെന്നാണ് പലർക്കും ഉള്ളിൽ.
എല്ലാ പ്രായക്കാരിലും 70 % പേരും അവർ പോകുന്ന ഇടങ്ങളിലെല്ലാം, കടകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ, ബാങ്കുകൾ , സ്‌കൂളുകൾ, എന്റർടെയിന്മെന്റ് ഇടങ്ങൾ അങ്ങനെ പൊതു-വിദ്യാഭ്യാസ സേവനങ്ങൾ ലഭിക്കുന്ന എല്ലായിടത്തും മാൾട്ടീസിന് പ്രാധാന്യം ഉണ്ടായിരിക്കണമെന്ന പക്ഷക്കാരാണ്. വായിക്കുന്ന ചെറുപ്പക്കാർക്കുള്ള ഇംഗ്ലീഷ് പ്രണയം ഒഴിച്ചാൽ പത്രങ്ങളും ബുക്കുകളും മാൾട്ടീസിൽ തന്നെ വായിക്കാനാണ് ഇവർക്കിഷ്ടം.
മെയിലുകൾ ഇംഗ്ളീഷിൽ തന്നെ
ഇ മെയിൽ ഇംഗ്ലീഷിലും ഫോണിൽ വരുന്ന ടെക്സ്റ്റ് മെസേജുകളും പേഴ്സണൽ നോട്ടുകളും മാൾട്ടീസ് ഭാഷയിലും ആയിരിക്കാനാണ് മാൾട്ടക്കാർ ആഗ്രഹിക്കുന്നത്. 16 നും 25 നും ഇടയിലുള്ള യുവതലമുറയിൽ ഏഴു ശതമാനത്തിൽ താഴെ മാത്രം ആളുകളാണ് പ്രാദേശിക ഭാഷയിൽ ഇ മെയിൽ സന്ദേശം അയക്കുന്നത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി ഭാഷ പ്രയോഗിക്കുന്നതിനു മുൻപ് സ്പെൽ ചെക്കിങ് നടത്തുന്നുണ്ട്.
വീട്ടിൽ മാൾട്ടീസിന് ഊന്നൽ
68 ശതമാനം പേരും മാൾട്ടീസ് ഭാഷയിലാണ് കുട്ടികളോട് ആശയവിനിമയം നടത്തുന്നത്. 16 ശതമാനം പേർ ഇംഗ്ളീഷും മാൾട്ടീസും എല്ലാം കലർന്ന മിശ്രിത ഭാഷയും ബാക്കി വരുന്ന 16 ശതമാനം പൂർണമായും ഇംഗ്ലീഷിലുമാണ് ആശയവിനിമയം നടത്തുന്നത്. 56 ശതമാനം കുട്ടികൾക്കും രണ്ടു ഭാഷയും അറിയാം. സെന്റ് ജൂലിയൻ , സ്ലിമാ മേഖലകളിൽ താമസിക്കുന്ന മാതാപിതാക്കളുടെ മക്കൾ ഇംഗ്ലിഷിൽ മാത്രമാണ് ആശയവിനിമയം നടത്തുന്നത്. ഇതിൽ തന്നെ കൗതുകകരമായ ഒരു വസ്തുതയുണ്ട്. മാതാപിതാക്കളിൽ പിതാക്കന്മാർക്കാണ് മാൾട്ടീസ് ഭാഷയോട് കൂടുതൽ സ്നേഹം. 77 ശതമാനം പുരുഷന്മാരും മക്കളോട് മാർട്ടീസ് ഭാഷയിൽ സംസാരിക്കാൻ ഇഷ്ടപ്പെടുമ്പോൾ സ്ത്രീകളിൽ അത് 62 ശതമാനം മാത്രമാണ്. അഞ്ചു ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് മാൾട്ടീസ് ഭാഷയിൽ വായിക്കുന്നത്. കൂടുതൽ പേർക്കും പ്രിയം ഇംഗ്ലീഷ് ആണ്.
റേഡിയോ കേൾക്കാൻ മാൾട്ടീസ് , സിനിമ ഇംഗ്ളീഷ്
റേഡിയോ കേൾക്കുന്നത് മാൾട്ടീസിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്ന ഇവിടുത്തുകാർ പക്ഷേ സിനിമയുടെ കാര്യത്തിൽ ഇംഗ്ലീഷ് പക്ഷപാതികളാണ്. പ്രത്യേകിച്ച് യുവാക്കൾ. ടിവി സീരീസുകളിൽ ഇംഗ്ളീഷിനേക്കാൾ മാൾട്ടീസിനാണ് അൽപ്പം മുൻതൂക്കം.
മാൾട്ടീസ് ഭാഷയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നതെന്ന് മാൾട്ടീസ് ഭാഷാ ദേശീയ കൗൺസിൽ സി.ഇ.ഒ നോർമ്മ സാലിബ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും ദേശീയ ഭാഷയായ മാൾട്ടീസിന് വേണ്ടിയുള്ള നീക്കങ്ങൾ നടക്കേണ്ടതുണ്ട്. അതിലേക്ക് ദേശത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കും-അദ്ദേഹം പറഞ്ഞു.