കെ ഫോണ്‍ വീടുകളിലേക്ക് ; ആദ്യഘട്ടം 14,000 കണക്ഷന് ; നിയോജകമണ്ഡലത്തില്‍ 100 വീതം വീടിന് സേവനം
തിരുവനന്തപുരം:എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്ന കെ–ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലേക്ക്.
ആദ്യഘട്ടത്തിലെ 14,000 കുടുംബത്തിന്റെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 140 മണ്ഡലത്തില്‍നിന്നും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 100 വീതം കുടുംബത്തെ തെരഞ്ഞെടുക്കും.
കെ–-ഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 10 ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനവും മുന്‍ഗണനയുണ്ട്. ഒരു വിഭാഗത്തില്‍ നിശ്ചയിച്ച എണ്ണം ലഭ്യമായില്ലെങ്കില്‍ മറ്റേതില്‍നിന്ന് പരിഗണിക്കും. രണ്ടിലുമില്ലെങ്കില്‍ പൊതുവിഭാഗത്തിന് അനുവദിക്കും.
സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബി വേഗത്തില്‍ 1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് ശൃംഖലയില്‍ എത്തും. ആവശ്യം പരിശോധിച്ച് 10 മുതല്‍ 100 എംബിപിഎസ് വരെ വ്യത്യസ്ത ബാന്ഡ്വിഡ്ത്തിലായിരിക്കും കണക്ഷന്. 25,032 ഓഫീസില്‍ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. 9965 ഓഫീസില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കി. തിരുവനന്തപുരം പുല്ലമ്ബാറ പഞ്ചായത്തില്‍ മുഖ്യമന്ത്രി നടത്തിയ -പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങ് കെ–-ഫോണ്‍ നെറ്റ് വര്‍ക്കില്‍ സംപ്രേഷണംചെയ്തു.
22,717 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയില്‍ 17,155 കിലോമീറ്റര്‍ പൂര്‍ത്തിയായി. 2100 കിലോമീറ്ററില്‍ പുരോഗമിക്കുന്നു. 375 പോയിന്റ്സ് ഓഫ് പ്രസന്‍സില്‍ 346 എണ്ണം പൂര്‍ത്തിയായതായി നിര്‍വഹണ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. നെറ്റ് വര്‍ക്ക് ഓപ്പറേഷന് സെന്റര്‍ കളമശേരിയില്‍ സജ്ജമാണ്. 1548 കോടി രൂപയാണ് പദ്ധതി അടങ്കല്‍.