5,000 മൃതദേഹങ്ങള്‍ കൊണ്ട് ചുവരുകള്‍; അലങ്കരിച്ചിരിക്കുന്നത് മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ട് ; ചാപ്പല്‍ ഓഫ് ബോണ്‍സിന്റെ കഥ ഇങ്ങനെ.
ഇത് വെറുമൊരു കെട്ടിടമില്ല, ഒരു പള്ളിയുടെ കഥയാണ്. മരിച്ചവരുടെ അസ്ഥികള്‍ നിറച്ചിരിക്കുന്ന പള്ളി. സെന്റ് ഫ്രാന്‍സിസിലെ റോയല്‍ ചര്‍ച്ചിന്റെ ഭാഗമാണ് പോര്‍ച്ചുഗലിലെ ആവോറയിലെ ചാപ്പല്‍ ഓഫ് ബോണ്‍സ്.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സിസ്ക്കന്‍സ് സന്യാസിമാരാണ് ഇതു നിര്‍മിച്ചത്. ഭിത്തികളിലും, തൂണുകളിലുമെല്ലാം മനുഷ്യന്റെ തലയോട്ടികള്‍ എല്ലുകള്‍, ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ; ‘ഞങ്ങള്‍ അസ്ഥികളായി ഇവിടെയുണ്ട്, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’ ‘ജനന ദിനത്തെക്കാള്‍ നല്ലത് മരണ ദിവസമാണ്’. ചാപ്പല്‍ ഓഫ് ബോണ്‍സ്, കാപെല ഡോസ് ഓസോസ് എന്നെല്ലാമാണ് ഈ പള്ളി അറിയപ്പെടുന്നത്. പോര്‍ചുഗലിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഇന്റീരിയര്‍ ചാപ്പലാണ് ഇത് . മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ട് അലങ്കരിച്ച ഭിത്തികളാണ് ഈ ചാപ്പലിന് ഇത്തരമൊരു പ്രശസ്തിയുണ്ടാക്കിയത്.
ചാപ്പലിന്റെ കഥയിങ്ങനെ
പതിനാറാം നൂറ്റാണ്ടോടെ ഓവറയിലും പരിസരത്തും 43 ഓളം ശ്മശാനങ്ങള്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇല്ലാതായി. അവിടെ അടക്കം ചെയ്ത ആളുകളുടെ ആത്മാക്കള്‍ അനാഥമാകരുതെന്ന് ആഗ്രഹിച്ച സന്യാസിമാര്‍ ചാപ്പല്‍ പണിയുകയും അവിടേക്ക് അടക്കം ചെയ്തവരുടെ അസ്ഥികളും മറ്റും മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചു.
സെമിത്തേരിയിലെ തിരക്ക് പരിഹരിക്കാനും കൂടിയാണ് ഈ ചാപ്പല്‍ സൃഷ്ടിച്ചതെങ്കിലും വാസ്തവത്തില്‍, ഈ സന്യാസി സമൂഹം ഉള്‍പ്പെടുന്ന മത വിഭാഗം മരിച്ചയാളുകളുടെ അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുന്നത് ബഹുമാനമായാണ് കണക്കാക്കുന്നത്. ഏതാണ്ട് 5000 ലധികം അസ്ഥികള്‍ ചാപ്പലിന്റെ മതിലുകളിലും തൂണുകളിലുമായിട്ടുണ്ട്. പള്ളിക്കകത്തേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ എഴുതിയിരിക്കുന്നത് “ഞങ്ങള്‍ ഇവിടെയുള്ള അസ്ഥികളാണ്, നിങ്ങളുടെ അസ്ഥികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു” എന്നാണ്.
ഇറ്റലിയിലെ മിലാനിലെ സാന്‍ ബെര്‍ണാഡിനോ എല്ല ഒസാസ് ഓഷ്യൂറിയെ അടിസ്ഥാനമാക്കിയാണ് ഇവോറയിലെ ചാപ്പല്‍ ഓഫ് ബോണ്‍സിന്റെ രൂപകല്പന. 5,000 അസ്ഥികള്‍ കൂടാതെ ബലിപീഠത്തിനടുത്തുള്ള ഒരു ചെറിയ വെളുത്ത ശവപ്പെട്ടിയില്‍, പള്ളി സ്ഥാപിച്ച മൂന്ന് ഫ്രാന്‍സിസ്ക്കന്‍സ് സന്യാസിമാരുടെ അസ്ഥികളുമുണ്ട്. ഒരു കുരിശിന് അടുത്തുള്ള ചുമരില്‍ നിന്നു ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന രണ്ട് ശൂന്യമായ ശവശരീരങ്ങളും ഈ വിചിത്ര കാഴ്ചയില്‍ ഉള്‍പ്പെടുന്നു.