മാൾട്ടയിൽ മലയാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: കടുത്ത നടപടിയുമായി പോലീസ്
വലേറ്റ : മാൾട്ടയിൽ മലയാളികൾ പ്രതിയായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നാലോളം ക്രിമിനൽ കേസിലാണ് മലയാളികൾ പ്രതിയായത്. പോലീസ് ഡിപ്പാർട്മെന്റ് ആശങ്ക അറിയിച്ചു. യുവധാര മാൾട്ടയെയാണ് കേസിൽ ഉൾപ്പെട്ട പ്രതികളുടെ കോടതി വ്യവഹാരത്തിനു പരിഭാഷക്കായി (ട്രാൻസലേറ്റർ ) പോലീസ് അധികൃതർ സമീപിക്കുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ മൂന്നെണ്ണം ഗുരുതര സ്വഭാവമുള്ള ആയുധം കൊണ്ടുമുറിവേല്പിച്ച ക്രിമിനൽ കേസുകൾ ആണ്. ആറോളം മലയാളികൾ ഈ കേസുകളിൽ റിമാൻഡിൽ ആണ്.കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷ നടപടികൾ അവർക്കെതിരെ ഉണ്ടാകുന്നതാണ്..
മാൾട്ടയിൽ പ്രവാസികളായി ജോലി ചെയ്യുന്ന ഭൂരിപക്ഷം മലയാളികളും കൃത്യമായി ജോലി ചെയ്തു നാട്ടിലേക്കു പണം അയച്ചു കഷ്ട്ടപ്പെടുന്നവർ ആണ്.ഈ മഹാഭൂരിപക്ഷംവരുന്ന ആളുകൾക്കും കൂടി ദോഷം വരുത്തുന്ന ദൗർഭാഗ്യകരമായ ചെയ്തികൾ ആണ് ചുരുക്കം ചില വ്യക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.മാൾട്ട എന്ന ഈ ചെറിയ രാജ്യം രണ്ടായിരത്തി ഇരുപതിലെ റിപ്പോർട്ട് അനുസരിച്ചു ഏറ്റവും കുറവ് ക്രിമിനൽ കേസ് റിപ്പോർട്ട് ചെയ്യുന്ന രാജ്യം ആണ്. രണ്ടുവർഷം മുൻപ് വരെ
ലോക സന്തോഷ സൂചിക (വേൾഡ് ഹാപ്പിനെസ്സ് ഇൻടെക്സ്) പ്രകാരം മുൻപിൽ നിൽക്കുന്ന രാജ്യം ആയിരുന്നു മാൾട്ട . ഈ സൂചികയിൽ ഇപ്പോൾ മാൾട്ടയുടെ സ്ഥാനം പുറകിലേക്ക് വന്നതിൽ മുഖ്യപങ്ക് ഇവിടെ ജോലിക്കായി വന്ന വിദേശികൾക്ക് ഉണ്ട്. ഈ സ്ഥിതിവിശേഷം തുടർന്നാൽ ഭാവിയിൽ ജോലിതേടി ഇവിടേക്കു വരുന്ന മലയാളികളുടെയും ഇവിടെ ജോലി ചെയ്യുന്ന മലയാളികളുടെയും നിലനിൽപ് തന്നെ ഭീഷണിയാകുന്ന നിലയാണ് സംജാതമായിരിക്കുന്നത്. ആയതിനാൽ ഈ പ്രവാസജീവിതത്തിൽ ഇന്നാട്ടിലെ നിയമങ്ങൾക്ക് അനുസൃതമായി മലയാളികളുടെ യശസ്സ് ഉയർത്തിപിടിക്കുന്ന രീതിയിൽ പെരുമാറാൻ നമ്മൾ മലയാളികൾ ശ്രമിക്കണം എന്ന് യുവധാര മാൾട്ട പ്രസ്താവനയിൽ അറിയിച്ചു.