യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സൈനിക നടപടികളേക്കാൾ ഉപരിയായി നയതന്ത്രത്തിനും സംഭാഷണങ്ങൾക്കുമാണ് കരുത്തുള്ളത്ത് : ഒമാൻ സുൽത്താൻ

ലണ്ടൻ : ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സൈനിക നടപടികളേക്കാൾ ഉപരിയായി നയതന്ത്രത്തിനും സംഭാഷണങ്ങൾക്കുമാണ് കരുത്തുള്ളതെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഔദ്യോഗിക ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി വിൻഡ്‌സർ കൊട്ടാരത്തിൽ ചാൾസ് രാജാവ് ഒരുക്കിയ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും പരസ്പര ധാരണയിലും സമാധാനത്തിലും ഊന്നിയുള്ള സ്വതന്ത്ര നിലപാടാണ് ഒമാൻ ഉയർത്തിപ്പിടിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും മനസ്സിലാക്കാനും തയാറാകുന്നതാണ് വിവേകപൂർണമായ നേതൃത്വത്തിന്റെ അടയാളമെന്നും വെറുമൊരു സൈനികശക്തിയിലൂടെ മാത്രം നേടാനാകാത്ത കരുത്ത് സംഭാഷണങ്ങളിലൂടെ കൈവരിക്കാൻ സാധിക്കുമെന്നും സുൽത്താൻ ഓർമിപ്പിച്ചു. വിരുന്നിൽ സംസാരിച്ച ചാൾസ് രാജാവ്, ഒമാൻ ജനതയുടെ ഉൽകൃഷ്ടമായ സ്വഭാവത്തെയും സമാധാനാന്തരീക്ഷത്തെയും പ്രശംസിച്ചുകൊണ്ട് ഒമാനെക്കുറിച്ചുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രശസ്തമായ വചനം അറബിയിൽ ഉദ്ധരിച്ചത് ശ്രദ്ധേയമായി.

രണ്ട് നൂറ്റാണ്ടിലേറെ നീണ്ട ഒമാൻ-ബ്രിട്ടൻ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിയ സുൽത്താൻ, വിൻഡ്‌സർ കൊട്ടാരം ബ്രിട്ടന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിച്ചു. ഭൂമിശാസ്ത്രപരമായ അകലങ്ങൾക്കപ്പുറം സമുദ്രവ്യാപാരങ്ങളിലൂടെ പണ്ടുകാലത്ത് തന്നെ ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്നു. 1800ൽ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ കരാറിനെ അദ്ദേഹം അനുസ്മരിച്ചു. 220ലധികം വർഷങ്ങൾ പിന്നിട്ടിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ കപ്പൽ ലോകത്തെ കൊടുങ്കാറ്റുകളെ അതിജീവിച്ച് മുന്നോട്ടുപോകുകയാണെന്നും പരസ്പര ബഹുമാനമാണ് ഇതിന്റെ അടിസ്ഥാനമെന്നും സുൽത്താൻ എടുത്തുപറഞ്ഞു.

പ്രതിരോധ-സൈനിക മേഖലകളിലെ ദീർഘകാല സഹകരണത്തെ തന്ത്രപ്രധാനമായ പങ്കാളിത്തമെന്നാണ് സുൽത്താൻ വിശേഷിപ്പിച്ചത്. ഒരു ഉടമ്പടിക്കും ഒറ്റയ്ക്ക് നൽകാനാകാത്ത വിശ്വാസ്യതയും പരസ്പര ധാരണയുമാണ് ബ്രിട്ടനിലും ഒമാനിലുമായി ഇരുരാജ്യങ്ങളിലെയും സേനാംഗങ്ങൾ ഒന്നിച്ച് പരിശീലിച്ചതിലൂടെയും അറിവുകൾ പങ്കുവെച്ചതിലൂടെയും രൂപപ്പെട്ടത്. അതോടൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ ആഴത്തിലുള്ള വിനിമയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുകെയിലെ മുൻനിര സർവകലാശാലകളിൽ ഉന്നതപഠനം പൂർത്തിയാക്കി തിരിച്ചെത്തുന്ന ഒമാനി വിദ്യാർത്ഥികൾ രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്നതിനൊപ്പം ഇരു ജനതകളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു. സ്വന്തം യുവകാലത്തെ ബ്രിട്ടീഷ് ജീവിതാനുഭവങ്ങളും അവിടുത്തെ കൃത്യനിഷ്ഠയും ഓർത്തെടുത്ത സുൽത്താൻ, ഒമാനിൽ കൂടുതൽ ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സാധ്യതകളെയും സ്വാഗതം ചെയ്തു.

പ്രതിരോധത്തിനും വിദ്യാഭ്യാസത്തിനും ഒപ്പം വ്യാപാര-നിക്ഷേപ മേഖലകളും ഈ സൗഹൃദത്തിന്റെ പ്രധാന തൂണുകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളായി ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ബ്രിട്ടനാണ് ഒമാനിൽ വിദേശ നേരിട്ടുള്ള നിക്ഷേപം നടത്തുന്നതിൽ ഒന്നാമത്. സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക, നിക്ഷേപ മേഖലകളിലടക്കം വൻ സഹകരണ കരാറുകളിലാണ് ഒപ്പുവെച്ചത്. യുവജന ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, എന്നിവയ്ക്കായി ചാൾസ് രാജാവ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച സുൽത്താൻ, ഒമാനും ഈ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് രാജാവിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button