യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്യൻ രാജ്യങ്ങളിൽ പ്രക്ഷോഭം ആളിപ്പടരുന്നു; അല്‍ബേനിയയില്‍ സുപ്രീംകോടതിക്ക് തീയിട്ട് പ്രതിഷേധക്കാര്‍

തിരാന : വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന പ്രക്ഷോഭം ആളിപ്പടരുന്നു. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുന്നതിൽ സർക്കാരുകളുടെ സാമ്പത്തികനയങ്ങൾ പരാജയപ്പെടുന്നതിനെതിരെ ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭം ഇറ്റലി, ബെൽജിയം, പോർച്ചു​ഗൽ, അൽബേനിയ എന്നിവിടങ്ങളിലും പടരുകയാണ്.

അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ സുപ്രീംകോടതി കെട്ടിടത്തിന് തീയിട്ടു. പ്രധാനപ്പെട്ട കേസ് ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. കോടതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തീപിടിച്ചു. ഇതോടെ സുപ്രീംകോടതിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണവും പൊതുമുതലുകൾ നശിപ്പിച്ചതിലും രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട പ്രക്ഷോഭകർക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഫ്രാൻസിലാണ് പ്രതിഷേധം ഏറ്റവും ശക്തമായി പ്രകടമായത്. സമരത്തിനിടെ സെൻട്രൽ ഫ്രാൻസിലെ ലിമോജ് നഗരത്തിലുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാൾ കെട്ടിടത്തിന് പ്രക്ഷോഭകർ തീയിട്ടു. കെട്ടിടത്തിന്റെ മേൽക്കൂരയടക്കം പൂർണ്ണമായി കത്തിയമർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം നടന്ന വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ 1,800 ലധികം ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button