ബിസ്കറ്റിൽ കന്നുകാലികൾക്കുള്ള തവിട്; ഇന്ത്യൻ ബ്രാൻഡ് ‘പ്രിയഗോൾഡ് ബിസ്ക്കറ്റു’കളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാൾ

കഠ്മണ്ഡു : ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് പുറത്തിറക്കുന്ന ബിസ്കറ്റിന്റെ ഇറക്കുമതി, വിൽപന, വിതരണം എന്നിവ നേപ്പാൾ സർക്കാർ നിരോധിച്ചു. കമ്പനിയുടെ ഇന്ത്യയിലെ നിർമാണ കേന്ദ്രത്തിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് നേപ്പാൾ നടപടി സ്വീകരിച്ചത്. കന്നുകാലി തീറ്റയ്ക്കായി ഉപയോഗിക്കുന്ന തവിട്, സൂര്യ ഫുഡ് ആൻഡ് അഗ്രോ ലിമിറ്റഡ് നിർമിക്കുന്ന ബിസ്കറ്റിൽ ഉപയോഗിക്കുന്നു എന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പരിശോധനയിൽ കണ്ടെത്തിയിരുന്നത്. ഇതേതുടർന്ന് കമ്പനിയുടെ ഭക്ഷ്യ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കമ്പനി പുറത്തിറക്കുന്ന ‘പ്രിയഗോൾഡ് ബിസ്ക്കറ്റു’കളുടെ ഇറക്കുമതി, വിൽപന, വിതരണം എന്നിവ വിലക്കിക്കൊണ്ടാണ് നേപ്പാൾ ഉത്തരവിറക്കിയത്. നിലവിലുള്ള സ്റ്റോക്കുകൾ തിരിച്ചെടുക്കാനും നേപ്പാൾ ഭക്ഷ്യ സാങ്കേതിക, ഗുണനിലവാര നിയന്ത്രണ വകുപ്പ് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉപഭോക്തൃ പരാതിയെത്തുടർന്നാണ് എഫ്എസ്എസ്എഐ സൂര്യ ഫുഡ് ആൻഡ് അഗ്രോ ലിമിറ്റഡിൽ പരിശോധന നടത്തിയത്. ഇവിടെ കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന തവിട് ബിസ്കറ്റ് നിർമാണത്തിനു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കന്നുകാലി തീറ്റക്ക് എന്ന് എഴുതിയിരുന്ന തവിട് അടങ്ങിയ ചാക്കുകളും കണ്ടെടുത്തു. ഇതിനു പുറമേ ഫാക്ടറിയുടെ ശുചിത്വത്തിലും പോരായ്മകൾ കണ്ടെത്തിയിരുന്നു.



