മാൾട്ടാ വാർത്തകൾ

മനുഷ്യക്കടത്ത് ആരോപണം : സെക്രട്ടറി നസ്മുൽ ഇസ്തിയാഖിനെ തള്ളി ബംഗ്ലാദേശ് മാൾട്ട ബിസിനസ് അസോസിയേഷൻ

മനുഷ്യക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ സെക്രട്ടറി നജ്മുൽ ഇഷ്തിയാഖുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് മാൾട്ട ബിസിനസ് അസോസിയേഷൻ (BMBA). സെന്റ് പോൾസ് ബേയിലെ ‘പിങ്ക് ഗാർലിക്’ റെസ്റ്റോറന്റ് ഉടമയായ നജ്മുൽ ഇഷ്തിയാഖിനെ സെപ്റ്റംബർ 20-നാണ് മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ, തൊഴിൽ നിയമ ലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയത്.

ബിഎംബിഎ സെക്രട്ടറിയെന്ന നിലയിൽ മാൾട്ടയിലെ ബംഗ്ലാദേശി സമൂഹത്തിനിടയിൽ വളരെ സജീവമായിരുന്ന ഇഷ്തിയാഖ്, ഫുഡ് ഡെലിവറി ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മികച്ച ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന നടത്തിയ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

സംഘടനയുടെ വെബ്‌സൈറ്റിൽ മാധ്യമപ്രവർത്തകനായ ജെറാൾഡ് ഫെനെക്ക് ആണ് പ്രസിഡന്റായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇഷ്തിയാഖിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് താൻ പദവി രാജിവെച്ചതായി ഫെനെക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇഷ്തിയാഖിനെ ഒരു സുഹൃത്തെന്ന നിലയിലാണ് അറിഞ്ഞിരുന്നതെന്നും ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ തന്റെ പങ്കാളിത്തം വെറും നാമമാത്രവും സന്നദ്ധ സ്വഭാവമുള്ളതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉയർന്ന ആരോപണങ്ങൾക്ക് അസോസിയേഷനുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടന ഇപ്പോഴും സജീവമാണോ എന്ന ചോദ്യത്തിന് മറുപടി നൽകാനില്ലെന്നും ബിഎംബിഎ ട്രഷറർ അഫ്സാന റഹീം ഇഫ്തി വ്യക്തമാക്കി.

വ്യാജ ഏജൻസിയും മുൻകാല തട്ടിപ്പുകളും

കമ്പനി രേഖകൾ പ്രകാരം, ഇപ്പോൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന ‘ഇ&എൻ ഇവാനോവ ലിമിറ്റഡ്’ എന്ന എച്ച്.ആർ കൺസൾട്ടൻസി സ്ഥാപനത്തിന്റെ 90 ശതമാനം ഓഹരി ഉടമയും ഇഷ്തിയാഖ് ആയിരുന്നു. തൊഴിലാളികൾക്ക് കരാർ പ്രകാരമുള്ള ശമ്പളം നൽകുന്നില്ലെന്നും വേതനം വെട്ടിക്കുറയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ സ്ഥാപനത്തിനെതിരെ ‘തട്ടിപ്പ് ഏജൻസി’ എന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ ഇൻറർനെറ്റിൽ ലഭ്യമാണ്. കൂടാതെ, കമ്പനി വാടകയ്‌ക്കെടുത്ത മൂന്ന് അപ്പാർട്ടുമെന്റുകളുടെ കുടിശ്ശികയിനത്തിൽ 52,000 യൂറോ ഉടമകൾക്ക് നൽകാൻ കഴിഞ്ഞ വർഷം റെന്റ് റെഗുലേഷൻ ബോർഡ് വിധിച്ചിരുന്നു.

വാഗ്ദാനം ചെയ്തത് ‘അമേരിക്കൻ സ്വപ്നങ്ങൾ’

മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ (TCNs) ഇഷ്തിയാഖ് തട്ടിപ്പിനിരയാക്കിയതായി കോടതി നടപടികൾ വ്യക്തമാക്കുന്നു. റെസ്റ്റോറന്റിൽ വെയ്റ്റർ, ബാർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രതിമാസം 900 യൂറോ ശമ്പളവും ആഴ്ചയിൽ 40 മണിക്കൂർ ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പരസ്യം കണ്ടാണ് താൻ ഇഷ്തിയാഖിനെ ബന്ധപ്പെട്ടതെന്ന് കേസിൽ ഇരയായ ഒരാൾ കോടതിയിൽ മൊഴി നൽകി.

എന്നാൽ പിന്നീട്, ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ വീതം ജോലി ചെയ്യേണ്ടി വരികയും ശമ്പളം പ്രതിമാസം 400 യൂറോയായി ചുരുങ്ങുകയും ചെയ്തു. അവസാന നാല് മാസത്തോളം യാതൊരു ശമ്പളവും ലഭിക്കാതെ വന്നതോടെ കുപ്പികൾ കളക്ഷൻ മെഷീനുകളിൽ നൽകി ലഭിക്കുന്ന പണം കൊണ്ടാണ് വിശപ്പടക്കിയതെന്നും ഇയാൾ വെളിപ്പെടുത്തി. പോലീസ് ചോദ്യം ചെയ്താൽ താൻ അവിടെ ജോലി ചെയ്യുന്നയാളല്ലെന്നും സഹായിക്കാൻ വന്നതാണെന്നും മാത്രം പറയാൻ ഇഷ്തിയാഖ് നിർദ്ദേശിച്ചിരുന്നതായും സാക്ഷി കോടതിയിൽ സാക്ഷ്യപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button