അന്തർദേശീയം

ചുമതലയേറ്റ് വെറും അഞ്ച് ദിവസം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെ പുറത്താക്കി ട്രംപ്

വാഷിങ്ടൺ ഡിസി : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് വെറും അഞ്ച് ദിവസത്തിനുള്ളിൽ കേറ്റി സക്കറിയയെ സ്ഥാനം നീക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കേറ്റിയുടെ യോഗ്യതകളെക്കുറിച്ചും അഭിഭാഷക ബിരുദത്തെക്കുറിച്ചുമുള്ള സംശയങ്ങൾ ഉയർന്നതിനും, മാധ്യമങ്ങൾക്ക് മുന്നിലെ പരാജയപ്പെട്ട ആദ്യ പത്രസമ്മേളനത്തിനും പിന്നാലെയാണ് ട്രംപിന്റെ ഈ നിർണായക നടപടി. ആ ജോലി ഉപേക്ഷിക്കേണ്ടതില്ലെന്നും, താനായിരുന്നെങ്കിൽ ആ സ്ഥാനം പുനഃപരിശോധിക്കുമായിരുന്നു എന്നുമാണ് കേറ്റിയോട് താൻ പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കി.

കേറ്റി സക്കാറിയയോട് മാധ്യമങ്ങൾ വളരെ അനീതിപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ട്രംപ് ആരോപിച്ചു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കേറ്റിയോട് മാധ്യമങ്ങൾ ക്രൂരമായാണ് പെരുമാറിയത്. പ്രസ്സ് അവരോട് വളരെ കടുത്ത നിലപാടാണ് എടുത്തത്. അതുകൊണ്ട് തന്നെ ഇത്തരം അനാവശ്യ സമ്മർദങ്ങളിലൂടെ കടന്നുപോകേണ്ട യാതൊരു കാര്യവുമില്ലെന്ന് ഞാൻ കേറ്റിയോട് പറഞ്ഞു’ ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ട്രംപിന്റെ സോഷ്യൽ മീഡിയ കമ്പനിയിൽ ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച പരിചയമുള്ള കേറ്റിയെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വക്താവായി നിയമിച്ചതുമുതൽ തന്നെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ഥാനമേറ്റെടുത്തതിന് ശേഷം മാധ്യമങ്ങളെ കണ്ട ആദ്യ പത്രസമ്മേളനം വലിയ രീതിയിൽ പരാജയപ്പെടുകയും ചെയ്‌തിരുന്നു. മാധ്യമപ്രവർത്തകയും കൺസർവേറ്റീവ് ഔട്ട്‌ലെറ്റുകളായ ഫോക്‌സ് ന്യൂസ്, ന്യൂസ്‌മാക്‌സ് എന്നിവയിലെ നിരീക്ഷകയുമായി പ്രവർത്തിക്കുമ്പോൾ താനൊരു അഭിഭാഷകയാണെന്നാണ് കേറ്റി സ്വയം പരിചയപ്പെടുത്തിയിരുന്നത്.

എന്നാൽ അമേരിക്കയിലെ ഒരു സംസ്ഥാനത്തോ, അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പ് ഇന്റർനാഷണൽ ലാ ഫേമിൽ ജോലി ചെയ്ത ചൈനയിലോ കേറ്റി ബാർ എക്സാം പാസ്സായിട്ടുണ്ടെന്നതിന് യാതൊരു തെളിവും ഹാജരാക്കാൻ കേറ്റിക്കോ വൈറ്റ് ഹൗസിനോ കഴിഞ്ഞിട്ടില്ല. കേറ്റിക്ക് ബാർ ലൈസൻസ് ഇല്ലെന്ന സ്വതന്ത്ര മാധ്യമമായ പോപ്പുലർ ഇൻഫർമേഷൻ റിപ്പോർട്ടിന് പിന്നാലെ, അവർ ഏത് സംസ്ഥാനത്താണ് എക്സാം പാസ്സായതെന്ന് മാധ്യമപ്രവർത്തകർ ട്രംപിനോട് നേരിട്ട് ചോദിക്കുകയുണ്ടായി.

ചോദ്യത്തിന് മറുപടിയായി ട്രംപ് മാറിനിൽക്കുകയും കേറ്റിയോട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ‘ഞാൻ ചൈനയിലേക്ക് മാറിയപ്പോൾ’ എന്ന് കേറ്റി മറുപടി പറഞ്ഞു തുടങ്ങിയെങ്കിലും ഹെലികോപ്റ്ററിന്റെ ബഹളത്തിനിടയിൽ ബാക്കി വാക്കുകൾ വ്യക്തമായില്ല. എന്നാൽ ചൈനയിലെ അഭിഭാഷക പരീക്ഷ എഴുതാൻ ചൈനീസ് പൗരന്മാർക്ക് മാത്രമേ അവകാശമുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

യോഗ്യതകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ, വൈറ്റ് ഹൗസ് കേറ്റിയുടെ പ്രസ്താവന പുറത്തുവിട്ടു. പേപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും പേപ്പർഡൈൻ കറൂസോ സ്കൂൾ ഓഫ് ലോയിൽ നിന്ന് 2011ൽ ലോ ബിരുദവും നേടിയതായി കേറ്റി വ്യക്തമാക്കി. കൃത്യമായ യോഗ്യതകളോടെ തന്നെയാണ് താൻ ഇന്റർനാഷണൽ ട്രാൻസാക്ഷൻ ലോയിൽ പ്രാക്ടീസ് ചെയ്തതെന്നായിരുന്നു കേറ്റിയുടെ വാദം.

വൈറ്റ് ഹൗസിൽ നിന്ന് പുറത്തുപോയെങ്കിലും ഡോണാൾഡ് ട്രംപിനെ വാനോളം കേറ്റി പുകഴ്ത്തി. ട്രംപ് വളരെ ദയാലുവും പ്രശംസനീയനുമായ വ്യക്തിയാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും കേറ്റി പറഞ്ഞു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൽ സീനിയർ കമ്മ്യൂണിക്കേഷൻസ് അഡ്വൈസറായി ജോലി ചെയ്തുവരികയായിരുന്ന കേറ്റി, അതിനുമുമ്പ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലും ചെറിയൊരു കാലയളവ് പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button