യമനിലെ ഏയ്ഡൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം

സനാ : യമനിലെ ഭരണസിരാകേന്ദ്രമായ പ്രസിഡന്ഷ്യല് പാലസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഏയ്ഡനിലെ വിമാനത്താവളം ലക്ഷമാക്കി ഹൂതി ആക്രമണം. മിസൈലുകള് റണ്വേയ്ക്കരികില്, ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന് 500 മീറ്റര് അകലെയാണ് പതിച്ചത്. കെയ്റോയിലേക്ക് പോകാനിരുന്ന വിമാനമാണ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും സുരക്ഷിതരാണെന്ന് യമന് സര്ക്കാര് വ്യക്തമാക്കി.
രണ്ട് മിസൈലുകളാണ് വിമാനത്താവളത്തില് പതിച്ചതെന്ന് സൗദി വിവരസാങ്കേതിക സാംസ്കാരിക മന്ത്രി മൊമ്മര് അല് ഇരിയാനി എക്സിലൂടെ അറിയിച്ചു. ഈജിപ്തിലേക്ക് യാത്രയ്ക്കൊരുങ്ങിയ ഫ്ളൈറ്റ് 612ന് സമീപം റണ്വേയുടെ മധ്യത്തില് നിന്നും നൂറു മീറ്റര് അകലെയാണ് മിസൈല് പതിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും യാത്രക്കാരുടെയും വിമാനത്തിലെ ക്രൂ അംഗങ്ങളുടെയും ജീവന് ഭീഷണി ഉയര്ത്തിയ, അന്താരാഷ്ട്ര നിയമങ്ങളുടെ കൃത്യമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിന് സമീപമൊരു ആക്രമണം നടന്നതായി വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിരുന്നു. എയര്പോര്ട്ട് പരിസരത്തെ ബാദര് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. സൗദി – യമൻ സർക്കാർ സൈനികരുടെ ഈ ക്യാമ്പിലെ മിലിട്ടറി എയര്ഫീല്ഡിലുള്ള റണ്വേയില് രണ്ട് മിസൈലുകളാണ് പതിച്ചത്.
ഹൂതികള് ആക്രമണം കടുപ്പിച്ച സാഹചര്യത്തില് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യമന് സര്ക്കാരിന്റെ സേന വടക്കുകിഴക്കന് സനായിലെ മാരിബ് പ്രവിശ്യയില് മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രവിശ്യയുടെ കിഴക്കന് പ്രദേശങ്ങളില് പല പ്രധാനപ്പെട്ട പ്രദേശങ്ങളും വ്യോമാക്രമണത്തിലൂടെ പിടിച്ചെടുക്കാന് കഴിഞ്ഞെന്ന് സേന വക്താവ് മജീദ് – അല് – നാസിലി അവകാശപ്പെട്ടു. അതേസമയം 24 മണിക്കൂറിനുള്ളില് 430ലധികം ഹൂതി വിമതരെ കീഴ്പ്പെടുത്തിയെന്നും അവരുടെ നൂറോളം സൈനിക വാഹനങ്ങള് തകര്ത്തതായും യമന് സര്ക്കാര് സേന അറിയിച്ചിട്ടുണ്ട്. ഹൂതി ശക്തികേന്ദ്രമായ തായിസില് നിന്നും ഹൂതികളുടെ പ്രത്യേക ഡ്രോൺ സംഘത്തെ പിടികൂടിയെന്നും സേന അവകാശപ്പെട്ടു. യമനിലെ ഏറ്റവും വലിയ മൂന്നാമത്തെ അര്ബന് കേന്ദ്രമായ തായിസ് ഹൂതികള് വളയുകയും ഏയ്ഡനിലേക്കുള്ള പ്രധാനപാത അടയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരുന്നു.
അതിനിടയില് സൗദിയെ ലക്ഷ്യമിട്ട് ഹൂതികള് മിസൈല് ആക്രമണം നടത്തി. റിയാദിലേക്കും യാന്ബുവിലേക്കും ഹൂതികള് നടത്തിയ മിസൈല് ആക്രമണം തടുത്തതായി സൗദി സഖ്യസേന അറിയിച്ചിട്ടുണ്ട്. സൗദിയും ശക്തമായ തിരിച്ചടി തുടരുകയാണ്. ഹൂതി ശക്തികേന്ദ്രമായ സദാ ഗവര്ണറേറ്റിലെ മിസൈല് ലോഞ്ചറുകള് തകര്ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു. തായിസ് കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്ഷത്തില് 380 പേര്ക്ക് പരിക്കേല്ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് സൗദി സഖ്യസേന പുറത്തുവിടുന്ന കണക്ക്. അതിനിടയില് ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനെതിരെ സൗദി രൂക്ഷമായ വിമര്ശനം ഉയർത്തി. എന്നാല് ഹൂതികള് നടത്തുന്ന ആക്രമണത്തില് തങ്ങള്ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇറാന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഇരുവിഭാഗവും തമ്മിലൊരു ചര്ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഇറാന് ആവര്ത്തിക്കുകയും ചെയ്തു.
അതേസമയം ഹോര്മൂസ് കടലിടുക്കിലൂടെയുടെ എണ്ണ ടാങ്കറുകളുടെ യാത്ര കൂടുതല് ദുഷ്കരമാകുന്നുവെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് മില്യണ് ബാരല് ക്രൂഡ് ഓയിലുമായി സഞ്ചരിച്ച ഒരു സൂപ്പര് ടാങ്കര് അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കടലില് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് അപകടത്തില്പ്പെട്ടെന്ന് ഐആര്ജിസിയെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു. വന്സ്ഫോടനം ഉണ്ടായതിനെ തുടര്ന്ന് ടാങ്കറില് ശക്തമായി തീപടര്ന്നെന്നാണ് റിപ്പോര്ട്ട്. യുഎസ് സേനയുടെ പിന്തുണയോടെ ട്രാക്കിങ് – റഡാര് സജ്ജീകരങ്ങള് പ്രവര്ത്തനരഹിതമാക്കിയാണ് ടാങ്കര് സഞ്ചരിച്ചതെന്ന് ഐആര്ജിസി ആരോപിച്ചു. യുഎസ് സഹായമുണ്ടെന്ന പേരില് ഇറാന്റെ ചട്ടങ്ങള് ലംഘിക്കാന് ശ്രമിച്ചാല് വലിയ പ്രത്യാഘാതങ്ങള് ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. എന്നാല് ഹോര്മൂസ് കടലിടുക്കില് ഇറാന്റെ എല്ലാ കപ്പലുകളും യുഎസ് തടഞ്ഞെന്ന അവകാശവാദവുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.



