യൂറോപ്യൻ യൂണിയൻ വാർത്തകൾ

‘ദ് ഓറഞ്ച് പ്ലേഗ്’ : ട്രംപിന്റെ സ്വർണം പൂശിയ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ

സ്ട്രാസ്ബൂർ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ. ഡാനിഷ് കലാകാരനായ ജെൻസ് ഗൽഷിയോ നിർമിച്ച പ്രതിമയാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. ‘ദ് ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിട്ടുള്ള എട്ടടി ഉയരമുള്ള പ്രതിമ 23 കാരറ്റ് സ്വർണം പൂശിയാണ് നിർമിച്ചിട്ടുള്ളത്. ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസും പിടിച്ച രീതിയിലാണ് ശില്പം. പ്രതിമയ്ക്കു താഴെ ലോകത്തിന്റെ ആകൃതിയിലുള്ള ബോളുമുണ്ട്.

ഒരു ചെറിയ മനുഷ്യന്റെ തോളത്തേറി ട്രംപ് നിൽക്കുന്ന പ്രതിമയ്ക്ക് ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസരൂപേണയുള്ള ടൈറ്റിലും നൽകിയിട്ടുണ്ട്. ‘ഞാൻ ഒരു മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നു. എന്റെ ഭാരം കാരണം ഇയാൾ വീഴാറായി. അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും.’–എന്നും പ്രതിമയ്ക്ക് താഴെ എഴുതിയിട്ടുണ്ട്.

രാഷ്ട്രീയത്തെ കലയിലൂടെ വിമർശിക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് ജെൻസ് ഗൽഷിയോ. ട്രംപിന്റെ വിദേശ, ഹരിത നയങ്ങളോടുള്ള എതിർപ്പാണ് ഗൽഷിയോ ശിൽപത്തിലൂടെ പറഞ്ഞിട്ടുള്ളത്. ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഡോണൾഡ് ട്രംപെന്ന് ഗൽഷിയോ പ്രസ്താവനയിൽ പറഞ്ഞു.

യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം പെർ ക്ലോസെനാണ് പ്രതിമ സ്പോൺസർ ചെയ്തിട്ടുള്ളത്. ഈ പ്രതിമയെ സഹിക്കാൻ കഴിയാത്തവിധം തൊലിക്കട്ടി കുറഞ്ഞവരുണ്ടെങ്കിൽ അവരെ യൂറോപ്യൻ പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും അവർക്ക് ലോകവേദിയിൽ സ്ഥാനമുണ്ടാവില്ലെന്നും ക്ലോസെൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button