പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ പുറത്ത്

വാഷിങ്ടൺ ഡിസി : വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിനായി (സ്ഥിര താമസ അനുമതി) അപേക്ഷിക്കാന്‍ തൊഴിലുടമകള്‍ ഉപയോഗിക്കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള ടെക് ഭീമന്മാരെ യുഎസ് തൊഴില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തുവെന്നും അമേരിക്കന്‍ തൊഴിലാളികളുടെ അവസരങ്ങളെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ആരോപിച്ചാണ് ഫെഡറല്‍ ഭരണകൂടത്തിന്റെ നടപടി.
ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമെ പ്രമുഖ അമേരിക്കന്‍ ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറഞ്ഞ വേതനത്തില്‍ വിദേശ തൊഴിലാളികളെയും ഗവേഷകരെയും നിയമിച്ചുകൊണ്ട് അമേരിക്കന്‍ തൊഴിലാളികളുടെ വേതന ഘടന തകര്‍ത്തുവെന്ന ആരോപണത്തില്‍ 9 പ്രമുഖ യുഎസ് സര്‍വകലാശാലകള്‍ക്കെതിരെയും ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എച്ച്-1ബി വിസ സമ്പ്രദായത്തിനും വിദേശ തൊഴിലാളികളെ നിയോഗിക്കുന്ന രീതിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കടുത്ത നീക്കം. നിലവിലെ വിസ സിസ്റ്റം അമേരിക്കന്‍ ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കാന്‍ കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഭരണകൂടത്തിന്റെ വാദം. അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ഗ്രീന്‍ കാര്‍ഡ് സ്വപ്നങ്ങള്‍ക്കും സ്ഥിരതാമസ അപേക്ഷ നടപടികള്‍ക്കും ഈ വിലക്ക് താത്കാലികമായി തിരിച്ചടിയാകും. നിലവില്‍ പ്രക്രിയയിലുള്ള അപേക്ഷകളുടെ സ്‌ക്രീനിങ്ങും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും ഇതോടെ സ്തംഭിക്കും.



